20 November Tuesday

പ്രളയത്തിന്റെ മുറിവുണക്കാന്‍ ആറാംക്ലാസുകാരിയും; കമ്മല്‍ ഊരി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Aug 26, 2018

പുതുപ്പള്ളി> കാതിലിട്ടിരുന്ന കമ്മല്‍ ഊരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആറാം ക്ലാസുകാരി സംഭാവനയായി നല്‍കി. ഒപ്പം അനുജന്റെ സമ്പാദ്യമായ കുടുക്കയും. പള്ളം അറക്കല്‍ ഉണ്ണിയുടെയും രെഞ്ജുവിന്റെയും മകളായ കൃഷ്ണ ബാലയാണ് നാടിന്റെ ദുരിതത്തിന് ഒപ്പം ചേര്‍ന്ന കൊച്ചുമിടുക്കി. അച്ഛനും അമ്മയ്ക്കുമൊപ്പം പള്ളം ബുക്കാന സിഎംഎസ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിലെത്തി സിപിഐ എം ജില്ലാ സെക്രട്ടറി വി എന്‍ വാസവനെ കമ്മല്‍ ഏല്‍പ്പിച്ചു

 കൃഷ്ണ ബാലയുടെ സഹോദരന്‍ നാലാം ക്ലാസുകാരനായ സൂര്യനാരായണന്‍ തന്റെ സമ്പാദ്യമായ കുടുക്കയും കൈമാറി.നാടിന്റെ പൊതുമനസാണ് കുട്ടികളിലൂടെ പ്രതികരിച്ചതെന്ന് വാസവന്‍ പറഞ്ഞു. ഇരുവരും പള്ളം സെന്റ് പോള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ്. പ്രളയ ദുരിതത്തിന്റെ വാര്‍ത്തകള്‍ ടെലിവിഷന്‍ ചാനലുകളില്‍ കണ്ടതുമുതല്‍ കുട്ടികള്‍ ഇത്തരത്തില്‍ ഒരു ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥ കൂടിയായ രെഞ്ജു പറഞ്ഞു.

സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗം അഡ്വക്കേറ്റ് റെജി സക്കറിയ, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാര്‍  തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top