20 November Tuesday

പുറം ചവിട്ടുപടിയായി നല്‍കിയ മത്സ്യത്തൊഴിലാളിയെ ആര്‍എസ്എസ് വളണ്ടിയറാക്കി സംഘപരിവാര്‍ പ്രചരണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 22, 2018

തിരുവനന്തപുരം > മലപ്പുറത്ത് പ്രളയ ദുരിതത്തില്‍ അകപ്പെട്ടവരെ  ബോട്ടില്‍ കയറ്റുന്നതിനായി മുതുക് ചവിട്ടുപടിയാക്കി നല്‍കിയ മത്സ്യത്തൊഴിലാളിയെ ആര്‍എസ്എസ് വളണ്ടിയറാക്കി സംഘപരിവാര്‍ പ്രചരണം. ആര്‍ എസ്എസ് വളണ്ടിയര്‍മാര്‍ ദുരിതബാധിതരെ സഹായിക്കുന്നു എന്ന കുറിപ്പോടെയാണ് പ്രചരണം നടത്തുന്നത്.

പല തരത്തിലുള്ള വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ചായിരുന്നു കേരളത്തിലെ രക്ഷാപ്രവര്‍ത്തനം മുഴുവന്‍ നിയന്ത്രിക്കുന്നത് സ്വയം സേവകരാണെന്ന ആര്‍എസ്എസിന്റെ പ്രചരണം. കേരളത്തിന് സഹായം ഒന്നും കൊടുക്കരുതെന്നും തീവ്രവാദികളുടെ നാടാണെന്നും കണക്കിന് കിട്ടിയെന്നും ഇവര്‍ പ്രചരിപ്പിച്ചിരുന്നു.



ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത തൃശ്ശൂര്‍ എം എല്‍ എയും കേരള സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയുമായ വി എസ് സുനില്‍ കുമാറിനെയും   ആര്‍ എസ്എസ് കാര്യവാഹകാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

തന്റെ മൂന്ന് മക്കള്‍ അടങ്ങുന്ന കുടുംബം പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ കഴിയുമ്പോഴാണ് മലപ്പുറം ട്രോമാ കെയര്‍ റെസ്‌ക്യൂ ടീമംഗമായ ജൈസല്‍ കെ പി സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രളയത്തില്‍പ്പെട്ടവരെ രക്ഷിക്കുവാന്‍ ഇറങ്ങിയത്. ജൈസലിന്റെ നന്മ നിറഞ്ഞ പ്രവൃത്തി കൂട്ടത്തിലുള്ള ഒരാള്‍ വീഡിയോ എടുത്ത് നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനായ ദീപക് അറോറയാണ്‌ ആര്‍എസ്എസ്‌ വളന്റിയര്‍മാര്‍മാരുടെ രക്ഷാ പ്രവര്‍ത്തനം എന്ന തലക്കെട്ടോടു കൂടി തന്റെ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

എന്നാല്‍  വ്യാജ പ്രചാരണങ്ങളെ സോഷ്യല്‍ മീഡിയ പുറത്തുകൊണ്ടുവരികയായിരുന്നു. ഇന്ത്യന്‍ പട്ടാളം ദുരിതത്തില്‍ പെട്ട ജനങ്ങളെ രക്ഷിക്കുന്നു എന്ന തരത്തിലും ഈ വീഡിയോനേരത്തെ പ്രചരിപ്പിച്ചിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top