19 November Monday

ശുചീകരണത്തിന‌് സമഗ്ര തയ്യാറെടുപ്പ‌്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018

തിരുവനന്തപുരം

വീട്ടിലേക്ക‌് മടങ്ങുന്നവർക്ക‌് ശുചീകരണത്തിനിടയിലും മറ്റും രോഗം പിടിപെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ സംസ്ഥാനതല യോഗം ചേരും. ചികിത്സ ആവശ്യമായവർക്ക്  ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്. സ്വകാര്യ ആശുപത്രികളെയും അണിചേർക്കും. മരുന്നുകൾ നൽകി  മരുന്നുകമ്പനികളുടെ സഹകരണവുമുണ്ട‌്. എല്ലാ ക്യാമ്പുകളിലും ആവശ്യമുള്ള പഞ്ചായത്തുകളിലും മെഡിക്കൽക്യാമ്പ് സംഘടിപ്പിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്ന‌് വരുന്ന മരുന്നുകൾ സ്വീകരിക്കാനും വിതരണം ചെയ്യാനും നോഡൽ ഓഫീസർമാരെ നിയോഗിക്കും.

ഭക്ഷ്യവസ‌്തുക്കൾക്ക‌് വിലകൂട്ടരുത‌്


ഭക്ഷ്യവസ്തുക്കൾക്കുൾപ്പെടെ വൻതോതിൽ വിലകൂട്ടി വിൽക്കാനുള്ള ശ്രമം അവസാനിപ്പിക്കും. സംസ്ഥാനത്ത് ഭക്ഷ്യദൗർലഭ്യമുണ്ടാകുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ‌്. ഓണാഘോഷത്തെ വരവേൽക്കാനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന ഘട്ടമാണിത്. എല്ലാ മൊത്തവ്യാപാരികളും 30 ശതമാനത്തിലേറെ സ്റ്റോക്ക് ഇതിന്റെ ഭാഗമായി എടുത്തിട്ടുണ്ട്.
അതുകൊണ്ട് ഭക്ഷ്യദൗർലഭ്യം ഉണ്ടാകും എന്നത് അസംബന്ധമാണ്. റോഡ‌് ഗതാഗതത്തിൽ ചിലയിടത്ത് ഉണ്ടായ തടസ്സമാണ് ചില്ലറ വ്യാപാരസ്ഥാപനത്തിലേക്ക് സാധനം എത്തുന്നതിൽ  ബുദ്ധിമുട്ടുണ്ടാക്കിയത‌്. ഗതാഗതം സാധാരണ നിലയിലാകുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും. ഏതെങ്കിലുമൊരു സ്ഥലത്ത് ഉണ്ടാകുന്ന പ്രശ്നത്തെ പർവതീകരിച്ച് കാണരുത്.

രേഖകളും പുസ്തകങ്ങളും


പലർക്കും രേഖകളും പാഠപുസ്തകങ്ങളും നഷ്ടപ്പെട്ടു. രേഖകൾ ലഭ്യമാക്കാൻ അദാലത്തുകൾ നടത്തി തീരുമാനമെടുക്കും. ഒാരോ വകുപ്പിനും പ്രത്യേകം അപേക്ഷ നൽകി രേഖകളുടെ പകർപ്പ് ലഭ്യമാക്കുന്നതിനു പകരം ഒരു ഐടി അധിഷ്ഠിത സംവിധാനംവഴി സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.  പാഠപുസ്തകം നഷ്ടപ്പെട്ട കുട്ടികൾക്ക് എല്ലാവർക്കും പുതിയ പുസ്തകം സൗജന്യമായും സമയബന്ധിതമായും നൽകും. 36 ലക്ഷം പുസ്തകം അച്ചടിച്ച് തയ്യാറാക്കി. അവ എത്തിക്കാൻ കെബിപിഎസിനെ സജ്ജമാക്കി. കുട്ടികളുടെ പ്രയാസം കണക്കിലെടുത്താണ് ഓണപ്പരീക്ഷ മാറ്റിവച്ചത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top