19 November Monday

ഡല്‍ഹിയും കൈകോര്‍ക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018


കേരളത്തിൽ പ്രളയദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ ഡൽഹിയിൽ ഊർജിത പരിശ്രമം. ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ചെക്കായോ ഡിമാൻഡ‌് ഡ്രാഫ്റ്റായോ തുക കൈമാറാം. പഴം, പച്ചക്കറി, വേഗം മോശമാകുന്ന ഭക്ഷ്യവസ്തുക്കൾ എന്നിവ ഒഴികെയുള്ള സാധനങ്ങളും ശേഖരിക്കുന്നുണ്ട്. കുടിവെള്ള ശുചീകരണമന്ത്രാലയത്തിൽനിന്ന‌് ലഭിച്ച 150 വാട്ടർ പ്യൂരിഫയർ യൂണിറ്റ‌് എറണാകുളം കലക്ടറുടെ പേരിൽ ‌ട്രെയിനിൽ അയച്ചു. റെയിൽവേമന്ത്രാലയവുമായി റെസിഡന്റ് കമീഷണർ ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ 450 പ്യൂരിഫയർ ദിവസങ്ങൾക്കകം ലഭ്യമാക്കും.

നേരത്തെ പ്രഖ്യാപിച്ച പത്തു കോടി രൂപയ്ക്കു പുറമെ അധികമായി സഹായം ആവശ്യമുണ്ടെങ്കിൽ നൽകാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ റെസിഡന്റ് കമീഷണറെ അറിയിച്ചു. ഡ്രൈ ഫ്രൂട്സ്, തേയില, കമ്പിളിവസ്ത്രങ്ങൾ തുടങ്ങിയവ വാഗ്ദാനം ചെയ്തു. കേരളത്തിന് കഴിയുന്നത്ര സഹായം നൽകണമെന്ന് ആഹ്വാനംചെയ്ത് ഞായറാഴ്ച ദേശീയ ദിനപത്രങ്ങളിൽ ഡൽഹി സർക്കാർ പരസ്യം നൽകി.

കേരളത്തിന് സഹായമൊരുക്കാൻ സുപ്രീംകോടതി അഭിഭാഷകരുടെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ ശേഖരിച്ചു. സുപ്രീംകോടതിക്കു മുന്നിൽ ഭഗവാൻ ദാസ് റോഡിലെ സംഭരണകേന്ദ്രത്തിലേക്ക് ജഡ്ജിമാർ അടക്കമുള്ളവർ സഹായമെത്തിച്ചു. സാധനങ്ങൾ തരംതിരിക്കാൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ഉൾപ്പെടെയുള്ളവർ അണിചേർന്നു. മൂന്ന് ട്രക്കുകളിൽ ഇവിടെനിന്ന‌് സാധനങ്ങൾ സംഭരിച്ചു. ഓൾ ഇന്ത്യ മെഡിക്കൽ സയൻസസിലെ നേഴ്സുമാർ ഒരു ട്രക്കുനിറയെ മരുന്നും വസ്ത്രവുമാണ് ശേഖരിച്ചത്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സംഭരിച്ച എട്ട് ട്രക്ക് സാധനങ്ങൾ സൈനിക ഹെലികോപ‌്റ്ററിൽ കേരളത്തിൽ എത്തിക്കും. 

പ്രധാന വാർത്തകൾ
Top