14 December Friday

ബേൺസ്‌റ്റീൻ ആൻഡ്‌ ബയേഴ്‌സ്‌ പുരസ്‌കാരം സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം പ്രൊഫ. ആർ രാംകുമാറിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 23, 2018

ആർ രാംകുമാർ

ലണ്ടൻ > മാർക്‌സിയൻ കാർഷികശാസ്‌ത്ര പഠനരംഗത്തെ പ്രധാന പുരസ്‌കാരങ്ങളിലൊന്നായ ബേൺസ്‌റ്റീൻ ആൻഡ്‌ ബയേഴ്‌സ്‌ പുരസ്‌കാരം സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം പ്രൊഫ. ആർ രാംകുമാറിന്‌. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസിലെ സ്‌കൂൾ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസിൽ പ്രൊഫസറായ അദ്ദേഹത്തിന്റെ ‘‘ജാട്ടുകളും ഖാപ്പുകളും കലാപങ്ങളും: ഉത്തരേന്ത്യയിലെ വർഗീയ രാഷ്‌ട്രീയവും ഭാരതീയ കിസാൻ യൂണിയനും’’ എന്ന പ്രബന്ധമാണ്‌ പുരസ്‌കാരത്തിന്‌ അർഹമായത്‌.

യൂണിവേഴ്‌സിറ്റി ഓഫ്‌ ലണ്ടനിലെ എമിരറ്റസ്‌ പ്രൊഫസർമാരായ ഹെൻറി ബേൺസ്റ്റീൻ, ടെറൻസ്‌ ജെ ബയേഴ്‌സ്‌ എന്നിവരുടെ പേരിലാണ്‌ പുരസ്‌കാരം. പ്രഗത്ഭരായ കാർഷിക ശാസ്‌ത്രപണ്ഡിതരായ ബേൺസ്റ്റീനും ബയേഴ്‌സും ചേർന്ന്‌ സ്ഥാപിച്ച ‘ജേർണൽ ഓഫ്‌ അഗ്രേറിയൻ ചെയ്‌ഞ്ച്‌’ എന്ന പ്രസിദ്ധീകരണത്തിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കുന്നവയിൽ നിന്നും ഒരു പ്രബന്ധമാണ്‌ പുരസ്‌കാരത്തിന്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌.

മുസഫർനഗർ വർഗീയകലാപത്തിന്‌ വഴിയൊരുക്കുന്നതിൽ ഭാരതീയ കിസാൻ യൂണിയൻ എന്ന കർഷക സംഘടനയുടെ പങ്ക്‌ വിലയിരുത്തുന്നതാണ്‌ പ്രൊഫ. രാംകുമാറിന്റെ  പ്രബന്ധം. ജാട്ട്‌ കർഷകർക്കും മുസ്ലീം കർഷകത്തൊഴിലാളികൾക്കുമിടയിൽ വർഗീയ സ്‌പർധ വളർത്തുന്നതിനായി ഭാരതീയ കിസാൻ യൂണിയനെ വർഗീയ ശക്തികൾ ഉപയോഗപ്പെടുത്തിയതായി ലേഖനം സമർഥിക്കുന്നു. 2017 ജനുവരിയിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തെ ആ വർഷത്തെ മികച്ച പ്രബന്ധമായി തെരഞ്ഞെടുക്കുകയായിരുന്നു.
സൂക്ഷ്‌മമായ അപഗ്രഥനരീതിയും ചരിത്രപരമായ വിലയിരുത്തലും ആഴമുള്ള രാഷ്‌ട്രീയസമ്പദ്‌ഘടനാ പദ്ധതിയും പ്രൊഫ. രാംകുമാറിന്റെ പ്രബന്ധത്തിന്റെ സവിശേഷതയാണെന്ന്‌ ജൂറി വിലയിരുത്തി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top