25 September Tuesday

പ്രളയം: മുഖ്യമന്ത്രിക്കൊപ്പം ചെന്നിത്തല പോയത് തെറ്റെന്ന് പി ടി തോമസ്

സ്വന്തം ലേഖകന്‍Updated: Thursday Aug 23, 2018

കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയനൊപ്പം  പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍
 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോയതിനെതിരെ പി ടി തോമസ് എംഎല്‍എ. കുട്ടനാട്ടിലെത്താത്ത മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്റ്ററില്‍ മറ്റ് ജില്ലകളില്‍ രമേശ് ചെന്നിത്തല പോയത് തെറ്റായിപ്പോയെന്നാണ് പി ടി തോമസിന്റെ വിമര്‍ശനം.

 ഇടുക്കി ഡാം സന്ദര്‍ശിച്ചുവെങ്കിലും സ്ഥിതി ഗുരുതരമാണെന്ന് ചെന്നിത്തല മുന്‍കൂട്ടി കണ്ടില്ലെന്നും പി ടി തോമസ് എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച മുന്നൊരുക്കത്തെക്കുറിച്ച് ധവള പത്രമിറക്കണമെന്ന് പി ടി തോമസ് ആവശ്യപ്പെട്ടു.

 ദുരന്തത്തില്‍ രാഷ്ട്രീയം നോക്കാത്തതിനാലാണ് ചെന്നിത്തല മുഖ്യമന്ത്രിക്കൊപ്പം പോയത്. വിമര്‍ശനം വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാനാണ്. കേരളത്തില്‍ കനത്ത മഴയ്ക്കും പ്രളയത്തിനും സാധ്യതയുണ്ടെന്ന് ജൂലൈ 31ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയത്. ഇക്കാര്യത്തില്‍ വൈദ്യുത ബോര്‍ഡ് മുന്‍കരുതല്‍ നടപടിയെടുത്തില്ല.

പരമാവധി വെള്ളം സംഭരിച്ച് ലാഭമുണ്ടാക്കാനാണ് അവര്‍ ശ്രമിച്ചത്. ചാലക്കുടി പുഴയിലും ഇടമലയാറിലും വെള്ളപ്പൊക്കത്തിനിടയാക്കിയത് അപ്പര്‍ ഷോളയാറില്‍ നിന്നുള്ള വെള്ളം കടത്തിവിട്ടതിനാലാണ്. ഇടമലയാറിലേക്ക് വെള്ളം തുറന്ന് വിടുന്ന വാച്ച്മരം ഷട്ടര്‍ അടച്ചിരുന്നുവെങ്കില്‍ ഇടമലയാറില്‍ വെള്ളം കൂടില്ലായിരുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയില്ല.

 മുല്ലപ്പെരിയാറിന്റെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ തമിഴ്‌നാടുമായി ചര്‍ച്ചയുണ്ടായില്ല. സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ അധ്യക്ഷ സ്ഥാനം കേരളത്തിനാണെങ്കിലും അതും പ്രയോജനപ്പെടുത്തിയില്ല.ഡാം തുറക്കുന്നത് സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന്റെ ആക്ഷന്‍ പ്ലാന്‍ പുറത്ത് വിടണം. ഡാമുകള്‍ പരിശോധിക്കാന്‍ ഉത്തരവാദപ്പെട്ട സിവില്‍ മാനേജര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്.

 ബോര്‍ഡിന്റെ വാട്ടര്‍ മാനേജ്‌മെന്റ് സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഡാമുകള്‍ ഡി ഫില്‍റ്ററേഷന്‍ നടത്തിയിട്ടില്ല. തുലാവര്‍ഷത്തില്‍ മാത്രം നിറഞ്ഞിരുന്ന ഇടുക്കി ഡാമില്‍ കാലവര്‍ഷത്തിലും വെള്ളം സംഭരിച്ചു. ഡാമിന്റെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നുവെങ്കില്‍ നാശനഷ്ടം കുറയ്ക്കാമായിരുന്നു. പശ്ചിമഘട്ടത്തിലെ വ്യതിയാനങ്ങള്‍ അപകടരമാണെന്ന മാധവ് ഗാഡ്ഗില്‍ കമ്മീഷന്റെ കണ്ടെത്തില്‍ അവഗണിക്കുകയായിരുന്നു. പ്രളയ ദുരിതത്തിലായ കേരളത്തിന് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കാന്‍ സര്‍വ കക്ഷി സംഘത്തെ അയക്കണമെന്നും പി ടി തോമസ് പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top