19 September Wednesday

കായികതാരങ്ങള്‍ക്ക് പ്രത്യേക നിയമനത്തിന‌് പിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018


സർക്കാർജോലികളിൽ കായികതാരങ്ങൾക്ക് മാത്രമായി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്താൻ സാധിക്കുമെന്ന‌്  പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ.  റിപ്പോർട്ടുചെയ്യുന്ന ഒഴിവുകൾക്കുപുറമെ ഓരോനൂറിലും ഒരുശതമാനം കായികതാരങ്ങൾക്ക് നിയമനം നൽകാനുള്ള സർക്കാർ തീരുമാനത്തിന്റെ ചുവടുപിടിച്ചാണ് നടപടി. സംവരണക്രമത്തിൽ ഉൾപെടുത്താതെ, പ്രത്യേകം റിപ്പോർട്ടുചെയ്യുന്ന ഒഴിവുകളിൽ ഒരുശതമാനം കണ്ടെത്തി സ്‌പെഷൽ റിക്രൂട്ട്‌മെന്റ് മാതൃകയിലാകും നിയമനം. പ്രത്യേക പരീക്ഷയുണ്ടാകും. കായിക ഇനങ്ങളിലെ പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ ചട്ടപ്രകാരമുള്ള വെയിറ്റേജും ലഭിക്കും.  പിഎസ്‌സി ഇതിനാവശ്യമായ നിയമാവലി തയാറാക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മലപ്പുറത്തെ അധ്യാപകനിയമനത്തിനുള്ള അഭിമുഖം തിരുവനന്തപുരത്ത് നടത്തിയതിനെ വിമർശിക്കുന്നത് കാര്യമറിയാതെയാണ്. ദിവസം 19 ഇന്റർവ്യു ബോർഡ് ചേർന്നാണ് അഭിമുഖങ്ങൾ വേഗത്തിലാക്കിയത്. അഭിമുഖം പൂർത്തിയാക്കി സർക്കാർ എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള റാങ്ക് പട്ടിക ഒക്ടോബറിൽ പ്രസിദ്ധീകരിക്കും. മുഴുവൻ പിഎസ്‌സി അംഗങ്ങളും ഇടതടവില്ലാതെ അഭിമുഖങ്ങളിൽ പങ്കെടുത്തു. സാധാരണഗതിയിൽ 3000 എൽപി, 1000 യുപി ഉദ്യോഗാർഥികൾക്ക് കൂടിക്കാഴ‌്ചക്ക‌് ഒരുവർഷമെടുക്കുമായിരുന്നു. ആ കാലതാമസമാണ് നീങ്ങിയത്.

ശാരീരിക പരിമിതി, അപകടം എന്നിവയെത്തുടർന്ന‌് എത്താനാകാത്ത 165 പേർക്ക് സ്വന്തം നാട്ടിൽ അഭിമുഖത്തിനും നടപടിയെടുക്കുമെന്നും ചെയർമാൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top