12 December Wednesday

ശബരിമല വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ കേന്ദ്രമന്ത്രി ആവശ്യപ്പെടുമോ? ‐ കോടിയേരി

സ്വന്തം ലേഖകൻUpdated: Wednesday Nov 21, 2018

തിരുവനന്തപുരം > ശബരിമലയിലെത്തി വിമർശനം ഉന്നയിക്കുന്ന  കേന്ദ്രമന്ത്രി പൊൻ രാധാകൃഷ‌്ണൻ സുപ്രീംകോടതി വിധിക്കെതിരെ ഒാർഡിനൻസിറക്കാൻ നരേന്ദ്ര മോഡിയോട‌് ആവശ്യപ്പെടാൻ തയ്യാറുണ്ടോയെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ. സിപിഐ എം വട്ടിയൂർക്കാവ‌് മണ്ഡലം ജനമുന്നേറ്റയാത്ര ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിധ്വംസകശക്തികൾ കടന്നുകയറാൻ സാധ്യതയുണ്ടെന്നും അവിടെ എല്ലാസുരക്ഷയും ഏർപ്പെടുത്തണമെന്നുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലത്തിന്റെ നിർദേശത്തെ തുടർന്നാണ‌്  സുരക്ഷ ശക്തമാക്കിയ‌ത‌്. ഇതൊന്നും അറിയാതെയാണോ പൊൻ രാധാകൃഷ‌്ണൻ കള്ളം പറയുന്നത‌്. പൊലിസ‌് ഉദ്യോഗസ്ഥനുമേൽ അരിശം തീർക്കുന്നതാണോ കേന്ദ്രമന്ത്രിയുടെ ജോലി. വിധി നടപ്പാക്കരുതെന്ന‌് കേന്ദ്രസർക്കാരും മോഡിയും പറയുമോയെന്നും കോടിയേരി ചോദിച്ചു. 

വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന‌് മറ്റ‌് മാർഗമില്ലെന്ന‌് അവർക്കറിയാം. സ‌്ത്രീ പ്രവേശനവിഷയമല്ല കമ്യൂണിസ‌്റ്റുകൾക്കെതിരെയാണ‌് സമരം എന്ന‌്  ശ്രീധരൻപിള്ളയും ചെന്നിത്തലയും ഒരേ മനസ്സോടെ പറയുകയാണ‌്. ഇത‌് ഇവർ തമ്മിലുള്ള രാഷ‌്ട്രീയബന്ധം ശക്തിപ്പെടുന്നതിന്റെ പരസ്യപ്രഖ്യാപനമാണ‌്. ആദ്യം  വിധിയെ സ്വാഗതംചെയ‌്ത കോൺഗ്രസും ബിജെപിയും പെട്ടെന്നാണ‌് നിലപാട‌് മാറ്റിയത‌്. സർക്കാരിനെതിരെ വിമോചനസമരത്തിന‌് കോപ്പുകൂട്ടാനുള്ള ഇവരുടെ ശ്രമം കേരളത്തിൽ നടക്കില്ല. ശബരിമലയിൽ യഥാർഥ വിശ്വാസികൾക്കും തീർഥാടകർക്കും  ഒരു തടസ്സവുമില്ല.  മോഡിക്കും അമിത‌്ഷാക്കും മലകയറാം. ഒരു പ്രശ‌്നവുമില്ല. എന്നാൽ, കുഴപ്പമുണ്ടാക്കാൻ വരുന്നവർക്ക‌് സ്ഥാനം ഉണ്ടാകില്ല. ശബരിമലയെ ഉപയോഗിച്ച‌് രാഷ്ട്രീയമുതലെടുപ്പ‌് നടത്താനുള്ള  നീക്കത്തെ  വിശ്വാസിസമൂഹം  ചെറുക്കുമെന്നും കോടിയരി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top