24 September Monday

യോഗ, വരാപ്പുഴ പിരിവ‌് : സംസ്ഥാന ജനറൽ സെക്രട്ടറിക്കെതിരെ ബിജെപി ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശം

ഡി ദിലീപ‌്Updated: Friday Jun 22, 2018

കൊച്ചി>യോഗാദിനാചരണവും വരാപ്പുഴ കേസിലെ പിരിവും സംബന്ധിച്ച‌് ബിജെപി ജില്ലാകമ്മിറ്റി യോഗത്തിൽ ഗ്രൂപ്പ‌് തിരിഞ്ഞ‌് ഏറ്റുമുട്ടൽ. ബിജെപി പരിപാടികളെല്ലാം സംസ്ഥാന ജനറൽ സെക്രട്ടറിയായ എ എൻ രാധാകൃഷ‌്ണൻ പണംപിരിച്ച‌് തന്റെ ചിത്രം പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നുവെന്നായിരുന്നു പ്രധാന ആരോപണം. എ എൻ രാധാകൃഷ‌്ണന്റെ സാന്നിധ്യത്തിലാണ‌് ജില്ലാ നേതാക്കൾ ആഞ്ഞടിച്ചത‌്. ഒടുവിൽ എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റ‌് സി ജി രാജഗോപാൽ യോഗത്തിൽനിന്ന‌് ഇറങ്ങിപ്പോയി.

ആർഎസ‌്എസ‌ിന്റെ ആഭിമുഖ്യത്തിലുള്ള പതഞ‌്ജലി യോഗ ട്രെയ‌്നിങ‌് സെന്റർ യോഗാദിനത്തിൽ സംഘടിപ്പിച്ച പരിപാടിക്ക‌് ബദലായി എ എൻ രാധാകൃഷ‌്ണന്റെ  നേതൃത്വത്തിലുള്ള സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ‌് ഗ്രോത്ത‌് ഫോർ നേഷൻ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ ഇൻഡോർ സ‌്റ്റേഡിയത്തിൽ മറ്റൊരു യോഗാദിനാചരണം സംഘടിപ്പിച്ചു. ഇത‌് കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ‌് സ്ഥാപനങ്ങളായ നാഷണൽ ഇൻഷുറൻസ‌്, എൽഐസി എന്നിവയെക്കൊണ്ട‌് സ‌്പോൺസർചെയ്യിച്ചിട്ടുണ്ട‌്.  ചാരിറ്റബിൾ സംഘടനയെക്കൊണ്ട‌് യോഗാപരിപാടി സംഘടിപ്പിക്കുന്നത‌് ബിജെപിക്ക‌് ഗുണംചെയ്യില്ലെന്ന‌ും യോഗത്തിൽ വിമർശമുയർന്നു. ഔദ്യോഗിക പരിപാടിക്കെത്തിയ കേന്ദ്ര സഹമന്ത്രി അനന്തകുമാർ ഹെഗ‌്ഡെയെ സ്വാധീനം ചെലുത്തി സ്വകാര്യപരിപാടിയിൽ പങ്കെടുപ്പിച്ചത‌് രാധാകൃഷ‌്ണന്റെ നേട്ടത്തിന‌് മാത്രമാണെന്നും വിമർശമുണ്ടായി.

അതുപോലെതന്നെ വരാപ്പുഴ  കേസിനായി 20 ലക്ഷം രൂപ പിരിച്ചതായും യോഗത്തിൽ വിമർശം ഉയർന്നു. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ‌് കുമാർ  ശ്രീജിത്തിന്റെ വീട‌് സന്ദർശിക്കുന്നതിന‌് വൻ പ്രചാരണം നൽകി. ഈ ബോർഡുകളിൽ ബിപ്ലവ‌് കുമാറിന്റെയും രാധാകൃഷ‌്ന്റെയും ചിത്രങ്ങൾ മാത്രമാണ‌് വച്ചത‌്. അന്ന‌് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരന്റെ  ഫോട്ടോപോലും വച്ചില്ല. സ്വന്തം മഹത്വം പ്രചരിപ്പിക്കാനാണ‌് രാധാകൃഷ‌്ണൻ ശ്രമിക്കുന്നതെന്നും യോഗത്തിൽ വിമർശമുയർന്നു.

ബിജെപി സംസ്ഥാന കമ്മിറ്റിക്കായി സ്ഥലം വാങ്ങിയതു സംബന്ധിച്ച‌് അന്വേഷിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. സ്ഥലം വാങ്ങിയത‌് നേതാക്കൾപോലും മാധ്യമങ്ങളിലൂടെയാണ‌് അറിഞ്ഞത‌്.

മറ്റ‌് നേതാക്കളെയും പ്രവർത്തകരെയും വിശ്വാസത്തിലെടുക്കാതെയുള്ള ഒറ്റയാൻ പ്രവർത്തനം ബിജെപിയെ വീണ്ടും പിറകോട്ടടിപ്പിക്കുമെന്നും യോഗത്തിൽ വിമർശമുയർന്നു. ഇതിനൊടുവിലാണ‌് സി ജി രാജഗോപാൽ ഇറങ്ങിപ്പോയത‌്. ജില്ലാ  സെക്രട്ടറി എം എൻ ഗോപിയാണ‌് നേതൃത്വത്തിനെതിരെ കടുത്ത വിമർശം അഴിച്ചുവിട്ടത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top