19 September Wednesday

ജലന്ധർ ബിഷപ്പിനെതിരായ പരാതി : മദർ ജനറലിന്റെ മൊഴിയെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 12, 2018


കോട്ടയം
ജലന്ധർ ബിഷപ‌് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസിൽ മിഷനറീസ് ഓഫ് ജീസസ് മദർ ജനറൽ സിസ്റ്റർ റെജീനയിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തു. ജലന്ധർ കന്റോൺമെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയായിരുന്നു മൊഴിയെടുക്കൽ. പഞ്ചാബ് പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം മൊഴിയെടുക്കാൻ എത്തിയത്.

ബിഷപ്പിനെതിരെ ബലാത്സംഗ പരാതിനൽകിയ കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് സന്യാസിനിസമൂഹം നടത്തിയ അന്വേഷണത്തെക്കുറിച്ചാണ് പ്രധാനമായും മൊഴിശേഖരിച്ചത്. കന്യാസ്ത്രീക്കെതിരെ പരാതിനൽകിയ വീട്ടമ്മ പിന്നീട് ആരോപണത്തിൽനിന്നും പിന്മാറിയിരുന്നു. കുടുംബപരമായ ചില വിഷയങ്ങളിൽ തെറ്റിദ്ധാരണമൂലമാണ് കന്യാസ്ത്രീക്കെതിരെ ആരോപണം ഉന്നയിച്ചതെന്നായിരുന്നു അന്വേഷണസംഘത്തിന് പിന്നീട് നൽകിയ മൊഴി. ഇക്കാര്യം തനിക്ക് അറിയില്ലെന്നാണ് മദർ ജനറൽ അന്വേഷണസംഘത്തോട് പറഞ്ഞത്. പരാതിയുടെ പകർപ്പ് ഇവർ സംഘത്തിന് കൈമാറി.

ബിഷപ്പിൽനിന്ന് മോശം അനുഭവം നേരിട്ടതായി കന്യാസ്ത്രീ അറിയിച്ചിട്ടില്ലെന്ന് ഇവർ ഡിവൈഎസ്പിക്ക് മൊഴി നൽകിയെന്ന സൂചനയുണ്ട്. കന്യാസ്ത്രീക്കെതിരായ പരാതി അന്വേഷിച്ച കമീഷന് നേതൃത്വംനൽകിയ സിസ്റ്റർ അമല ഉൾപ്പെടെ നാല‌് കൗൺസിലേഴ്സിൽനിന്നും അന്വേഷണസംഘം മൊഴിയെടുത്തു.

മഠത്തിൽ കന്യാസ്ത്രീ താമസിച്ചിരുന്ന മുറിയും അന്വേഷണസംഘം പരിശോധിച്ചതായി സൂചനയുണ്ട്. കൂടാതെ ജലന്ധർ രൂപതയിലെ ചില വൈദികരെയും സംഘം കണ്ടു.

ബിഷപ്പിന്റെ സ്വഭാവദൂഷ്യം സംബന്ധിച്ച് ചില വൈദികർക്ക് അറിയാമായിരുന്നുവെന്ന് കന്യാസ്ത്രീ നേരത്തെ മൊഴിനൽകിയിരുന്നു.
കന്യാസ്ത്രീ പറഞ്ഞ നാലു വൈദികരുടെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. കന്യാസ്ത്രീ സൂചിപ്പിച്ച ചില കാര്യങ്ങൾ ഇവരും ശരിവച്ചതായാണ് വിവരം. വിശദമായ കൂടുതൽ മൊഴിയെടുപ്പുകൾക്കുശേഷമെ ബിഷപ്പിനെ ചോദ്യം ചെയ്യുന്നതിലേക്ക് കടക്കുകയുള്ളൂവെന്ന് അറിയുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top