14 December Friday

ശബരിമല: പൊലീസ് വിന്യാസം പൂര്‍ത്തിയായി

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018


പത്തനംതിട്ട
മണ്ഡല –- മകരവിളക്ക് തീർഥാടനകാലത്ത് ശബരിമലയും പരിസര പ്രദേശങ്ങളും ആറ് മേഖലകളായി തിരിച്ച് നാല് ഘട്ടങ്ങളായി സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹറ അറിയിച്ചു.

ആകെ 15,259 പൊലീസ് ഉദ്യോഗസ്ഥരെയാണ് തീർഥാടനകാലത്ത് ശബരിമലയിലും പരിസരത്തുമായി നിയോഗിച്ചിട്ടുള്ളത്.  ഡിഐജിയും അഡീഷണൽ ഡിജിപിയും വരെയുള്ള ഉന്നത ഉദ്യോഗസ്ഥർ കൂടാതെയാണിത്. നാലു ഘട്ടങ്ങളുള്ള ഈ സീസണിൽ എസ‌്‌പി‌,  എഎ‌സ‌്പി തലത്തിൽ ആകെ 55 ഉദ്യോഗസ്ഥർ  സുരക്ഷാചുമതലകൾക്കായി ഉണ്ടാകും.  ഡിവൈഎ‌സ‌്‌പി തലത്തിൽ 113 പേരും ഇൻസ്‌പെക്ടർ തലത്തിൽ 359 പേരും എസ്ഐ തലത്തിൽ 1,450 പേരുമാണ് ഇക്കാലയളവിൽ ഡ്യൂട്ടിയിൽ ഉണ്ടാകുക.  12,562 സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ വനിത സിഐ, എസ്ഐ തലത്തിലുളള 60 പേരും 860 വനിതാ സീനിയർ സിവിൽ ‌പൊലീസ് ഓഫീസർ/ സിവിൽ പൊലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. 

30 വരെയുള്ള ഒന്നാം ഘട്ടത്തിൽ 3,450 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.  ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.  കൂടാതെ എസ്ഐ തലത്തിൽ 349 പേരും സിഐ തലത്തിൽ 82 പേരും ഡിവൈഎ‌സ‌്‌പി തലത്തിൽ 24 പേരും ഡ്യൂട്ടിയിലുണ്ടാകും.  നവംബർ 30 മുതൽ ഡിസംബർ 14 വരെയുള്ള രണ്ടാം ഘട്ടത്തിൽ 3,400 പൊലീസ് ഉദ്യോഗസ്ഥർ സുരക്ഷക്കുണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.  കൂടാതെ എസ്ഐ തലത്തിൽ 312 പേരും സിഐ തലത്തിൽ 92 പേരും ഡിവൈഎസ്‌പി തലത്തിൽ 26 പേരും ചുമതലകൾ നിർവഹിക്കും. ഡിസംബർ 14 മുതൽ 29 വരെയുള്ള മൂന്നാം ഘട്ടത്തിൽ 4,026 പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.  കൂടാതെ എസ്ഐ തലത്തിൽ 389 പേരും സിഐ തലത്തിൽ 90 പേരും ഡിവൈഎസ‌്‌പി തലത്തിൽ 29 പേരും ഡ്യൂട്ടിയിലുണ്ടാകും.   ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ 4,383 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇവരിൽ 230 പേർ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ്.  കൂടാതെ എസ്ഐ തലത്തിൽ 400 പേരും സിഐ തലത്തിൽ 95 പേരും ഡിവൈഎസ‌്‌പി തലത്തിൽ 34 പേരും ഡ്യൂട്ടിയിലുണ്ടാകും.
ഒരു സബ‌് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ 20 അംഗങ്ങളുള്ള കേരള പൊലീസ് കമാന്റോ സംഘത്തെ സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.  20 അംഗങ്ങളുള്ള മറ്റൊരു കമാന്റോ സംഘം പമ്പയിലുണ്ടാകും.  കൂടാതെ ഏത് സാഹചര്യവും നേരിടുന്നതിനായി തണ്ടർ ബോൾട്ടിന്റെ ഒരു പ്ലാറ്റൂൺ മണിയാറിലുണ്ട്.  ബോംബുകൾ കണ്ടെത്തി നിർവീര്യമാക്കുന്ന കേരള പൊലീസിന്റെ 234 പേരടങ്ങുന്ന പ്രത്യേക സംഘത്തെയും പമ്പയിലും സന്നിധാനത്തും വിന്യസിച്ചിട്ടുണ്ട്.

റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെ രണ്ടു കമ്പനി ശബരിമലയിലും പരിസരത്തുമായി വിന്യസിച്ചു.  എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങളും ഡ്യൂട്ടിയിലുണ്ടാകും.  ഒരു വനിതാ ഇൻസ്‌പെക്ടറും രണ്ട് വനിതാ സബ‌് ഇൻസ്‌പെക്ടർമാരും 30 വനിതാ സിവിൽ പൊലീസ് ഓഫീസർമാരും അടങ്ങുന്ന കർണാടക പൊലീസിന്റെ സംഘവും ഡ്യൂട്ടിക്ക‌് എത്തിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top