21 September Friday

പ്ലസ് വൺ: ട്രാൻഫർ അലോട്ട്‌മെന്റ് റിസൾട്ട് നാളെ പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

തിരുവനന്തപുരം > ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിന്റെ ഭാഗമായുള്ള ജില്ലാ/ജില്ലാന്തര സ്‌കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റ് റിസൽറ്റ് വെള്ളിയാഴ‌്ച രാവിലെ 10 ന‌് അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in  ൽ പ്രസിദ്ധീകരിക്കും.

TRANSFER ALLOT RESULTS എന്ന ലിങ്കിലൂടെ ലഭിക്കുന്ന രണ്ട് പേജുള്ള അലോട്ട്‌മെന്റ് സ്ലിപ്പും യോഗ്യത സർട്ടിഫിക്കറ്റും, റ്റി.സി സ്വാഭാവ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധരേഖകൾ എന്നിവയുടെ അസലുകളുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂൾ/കോഴ്‌സിൽ സെപ്റ്റംബർ മൂന്നിന് വൈകിട്ട് നാലിന് പ്രവേശനം നേടണം.  ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർഥികൾക്ക് ആഗസ്റ്റ് 31ന് അപേക്ഷ സമർപ്പിക്കാം.

നിലവിലുള്ള ഒഴിവുകൾ അഡ്മിഷൻ വെബ്‌സൈറ്റായ www.hscap.kerala.gov.in ൽ വെള്ളിയാഴ‌്ച രാവിലെ 10ന‌് പ്രസിദ്ധീകരിക്കും.  പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ വേക്കൻസിയിലുള്ള സ്‌കൂൾ പ്രിൻസിപ്പാളിന് വെള്ളിയാഴ‌്ച വൈകിട്ട് നാലിന‌് മുമ്പ‌്  സമർപ്പിക്കണം. പ്രിൻസിപ്പൽമാർ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കും. ഒരു വിദ്യാർത്ഥി ഒരു അപേക്ഷ മാത്രമേ സമർപ്പിക്കേണ്ടതുള്ളു. അപേക്ഷയിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസികൾക്കുനുസൃതമായി എത്ര സ്‌കൂൾ/കോഴ്‌സുകൾ വേണമെങ്കിലും ഓപ്ഷനായി ഉൾപ്പെടുത്താം. മാതൃകാഫോറം വെബ്‌സൈറ്റിൽ ലഭിക്കും.

സ്‌കൂളുകളിൽ സമർപ്പിക്കുന്ന അപേക്ഷകൾ കേന്ദ്രീകൃതമായി പരിഗണിച്ച് മെരിറ്റ് അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറായി അഡ്മിഷൻ വെബ്‌സൈറ്റിൽ സെപ്റ്റംബർ മൂന്നിന് രാവിലെ ഒൻപതിന‌്പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ള സ്‌കൂൾ/കോഴ്‌സ്, റാങ്ക് ലിസ്റ്റിലൂടെ മനസ്സിലാക്കി അപേക്ഷകർ രക്ഷകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്‌കൂളിൽ സെപ്റ്റംബർ മൂന്നിന് രാവിലെ 10  മുതൽ 12 വരെ യോഗ്യത സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയിന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അസൽരേഖകളും ഫീസുമായി പ്രവേശനത്തിന് റിപ്പോർട്ട് ചെയ്യണം. ഹാജരാകുന്ന വിദ്യാർഥികളുടെ യോഗ്യത മെരിറ്റ് മാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രസിദ്ധപ്പെടുത്തിയ വേക്കൻസിക്ക് തുല്യമായ സീറ്റുകളിൽ അതത് പ്രിൻസിപ്പൽമാർ അന്ന് 12ന് ശേഷം ഉച്ചയ്ക്ക് ഒരു മണിക്കുള്ളിൽ പ്രവേശനം പൂർത്തിയാക്കണമെന്നും ഹയർസെക്കൻഡറി ഡയറക്ടർ അറിയിച്ചു.


പ്രധാന വാർത്തകൾ
Top