20 September Thursday

മുഖ്യമന്ത്രി മുന്നിൽനിന്ന് നയിച്ചു: വ്യോമസേന

സ്വന്തം ലേഖകൻUpdated: Monday Aug 27, 2018

പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ സേനാവിഭാഗങ്ങൾക്ക‌് സംസ്ഥാന സർക്കാരിന്റെ പ്രശസ‌്തിപത്രം മുഖ്യമന്ത്രി പിണറായി വിജയൻ ഏയർ ചീഫ‌് മാർഷൽ ബി സുരേഷിന‌് കൈമാറുന്നു


തിരുവനന്തപുരം
രക്ഷാപ്രവർത്തനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നിൽനിന്ന് നയിക്കുകയായിരുന്നുവെന്ന് വ്യോമസേന സതേൺ എയർ കമാൻഡ‌് കമാൻഡിങ് ഓഫീസർ. വിവിധ സേനകളുടെ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ദിവസേന നടന്ന യോഗങ്ങളിൽ പങ്കെടുത്ത് ആവശ്യങ്ങൾ  മനസ്സിലാക്കി. ഇതുകാരണമാണ‌് വിജയകരമായി പ്രവർത്തനങ്ങൾ നടത്താനായതെന്ന് എയർ ചീഫ് മാർഷൽ ബി സുരേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യോമസേനയ്ക്കും കര, നാവിക, ദേശീയ ദുരന്തനിവാരണ, കോസ്റ്റ്ഗാർഡ് തുടങ്ങിയ സേനകൾക്കൊപ്പം മികച്ച പ്രവർത്തനം നടത്താനായി. കേരള പൊലീസും അഗ്നിശമനസേനയും ദുരന്തനിവാരണ അതോറിറ്റിയും  മത്സ്യത്തൊഴിലാളികളും  സംസ്ഥാന ഭരണസംവിധാനവും വിവിധ ഏജൻസികളും  ജനങ്ങളുമാകെ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. ഇതിനെല്ലാം സഹായകമായത‌് എല്ലാ ദിവസവും രാവിലെ 10നും വൈകിട്ട‌് ആറിനും മുഖ്യമന്ത്രി വിളിച്ചുചേർത്തിരുന്ന അവലോകന യോഗങ്ങളായിരുന്നു. വ്യക്തമായ നിർദേശങ്ങളാണ് മുഖ്യമന്ത്രി നൽകിയത‌്.  പ്രശ്‌നബാധിതപ്രദേശങ്ങളിൽ ഇതുമൂലം കൃത്യമായി കേന്ദ്രീകരിക്കാനായി.  എല്ലാ ജില്ലയിലും സേനയുടെ ലെയ്‌സൺ ഓഫീസർമാരെ നിയോഗിച്ചതിനാൽ  ഏകോപനം ഫലപ്രദമായി. കലക്ടർമാരും ജില്ലാ പൊലീസ‌് മേധാവികളും നൽകിയ വിവരങ്ങളനുസരിച്ച്  കാര്യക്ഷമമായി സേനകൾ പ്രവർത്തിച്ചു. സംസ്ഥാനത്തെങ്ങും  സഹായം ലഭ്യമാക്കിയ വ്യോമസേന  600ഓളം പേരെ രക്ഷപ്പെടുത്തി.2,50000 കിലോ  സഹായവസ്തുക്കൾ എത്തിക്കാനായതും റെക്കോഡാണ‌്. പുനരധിവാസത്തിനുള്ള പ്രവർത്തനങ്ങൾക്കും  സഹായം നൽകും. രണ്ട‌് മൊബൈൽ ആശുപത്രിയും  സജ്ജീകരിച്ചു. കരസേന നിർമാണപ്രവർത്തനങ്ങളിലടക്കം കേരളത്തെ സഹായിക്കും. 20 കോടി രൂപ വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. എല്ലാ ജീവനക്കാരുടെയും ഒരു ദിവസത്തെ ശമ്പളവും നൽകി. സേനകൾക്ക് ചെയ്യാവുന്ന പരമാവധി സേവനങ്ങൾ ചെയ്തിട്ടുണ്ടെന്നും ബി സുരേഷ‌് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top