26 September Wednesday

കേരളം മാറി; വികസന തടസ്സങ്ങളും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018


അസാധ്യമെന്ന് കരുതിയ വികസനപദ്ധതികൾ കേരളത്തിൽ യാഥാർഥ്യമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തർദേശീയ കൺവൻഷന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
അനാവശ്യ എതിർപ്പും തടസ്സവും ഒഴിവാക്കി വികസനപ്രവർത്തനം  മുന്നോട്ടുപോവുകയാണ്. കേരളം ഇപ്പോൾ പഴയ കേരളമല്ല. പലർക്കും സങ്കൽപ്പിക്കാനാകാത്തവിധം മാറുകയാണ്. ദേശീയപാതാ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള എതിർപ്പില്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങൾ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില സർക്കാർ ഉറപ്പാക്കി. മലയോര ഹൈവേയും തീരദേശ ഹൈവേയും നിർമിക്കാൻ 10,000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പ്രകൃതിവാതക പൈപ്പുലൈൻ ഉടൻ യാഥാർഥ്യമാകും. തിരുവനന്തപുരം‐ കാസർകോട്  ഇരട്ട റെയിൽപ്പാതയ്ക്കുസമാന്തരമായി രണ്ടു പാതകൂടി നിർമിക്കാനുളള പ്രാരംഭ നടപടിയും ഉടൻ പൂർത്തിയാകും. ദേശീയ ജലപാത 2020ൽ പൂർത്തിയാക്കും. ടൂറിസം മേഖലയ്ക്ക് ഇത്  ഉണർവേകും. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരിൽ സെപ‌്തംബറിൽ ആരംഭിക്കും. അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച് ആരംഭിക്കാൻ പദ്ധതിയുണ്ട‌്.  ഫൊക്കാനയും മലയാളികളുടെ മറ്റൊരു സംഘടനയായ ഫോമയും ഒന്നിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നിച്ചുനിന്നാൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. അതിരുകളാൽമാത്രം അറിയപ്പെടേണ്ടതല്ല കേരളം. അതിർത്തികൾ ലംഘിച്ച് ആഗോളതലത്തിൽ അറിയപ്പെടേണ്ടയിടമായി കേരളവും മലയാളികളും മാറണം. അതിനുവേണ്ടിയായിട്ടാണ് ലോക കേരളസഭ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാർത്തകൾ
Top