20 October Saturday

വര്‍ഗീയതയ്ക്കെതിരെ വിശാലവേദി ഉയരണം: പിണറായി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


കൊയിലാണ്ടി > രാജ്യത്ത് വര്‍ഗീയതക്കെതിരെ വിശാലവേദി ഉയര്‍ന്നുവരണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പറഞ്ഞു. ഇതിനായി യോജിക്കാന്‍ തയ്യാറുള്ള എല്ലാവരെയും അണിനിരത്തും. സിപിഐ എം കോഴിക്കോട് ജില്ലാ സമ്മേളനം കൊയിലാണ്ടി ഇ എം എസ് സ്മാരക ടൌണ്‍ഹാളിലെ പി ടി രാജന്‍ നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുസ്വരത ഇല്ലാതാക്കി ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനാണ് ബിജെപി നീക്കം. ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും തകര്‍ക്കുകയെന്നതും ലക്ഷ്യമാണ്. ജാതി-മതവികാരം കുത്തിപ്പൊക്കി ജനങ്ങളില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ബിജെപി-ആര്‍എസ്എസ് ശ്രമം. നവോത്ഥാന ആശയങ്ങള്‍ മുന്നോട്ടുവയ്ക്കുന്നവരെ കൊന്നുതള്ളുന്നു. മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കപ്പെടുന്നു. പശുവിന്റെയും ഭക്ഷണത്തിന്റെയും പേരിലും കൊല നടക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും ശക്തമായ നീക്കമുണ്ട്. ലൌജിഹാദിന്റെ പേരില്‍ യുവാവിനെ ജീവനോടെ കത്തിക്കുന്നു. ക്രിസ്മസ് പരിപാടി നടത്തുന്ന കുട്ടികളെ പൊലീസും സംഘപരിവാറും ചേര്‍ന്ന് തല്ലുന്നു. അന്വേഷിക്കാനെത്തുന്ന വൈദികരെ മര്‍ദിക്കുന്നു. ഇതിനെയെല്ലാം ആര്‍എസ്എസ്-ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും പിന്തുണയ്ക്കുകയാണ്.

ഇത്രമാത്രം ആപത്ത് വിതയ്ക്കുന്ന ഗവണ്‍മെന്റിനും കക്ഷിക്കും എതിരെ, മതനിരപേക്ഷത സംരക്ഷിക്കാന്‍ യോജിക്കാന്‍ തയ്യാറുള്ളവരെയെല്ലാം ചേര്‍ത്ത് വിശാലവേദി ഉയര്‍ന്നുവരണം. ബിഹാറില്‍ നിതീഷ്കുമാറിന്റെ വിശാലസഖ്യത്തില്‍ ഇടതുപക്ഷം ചേരാതിരുന്നതിനെ ചിലര്‍ വിമര്‍ശിച്ചു. ഇപ്പോള്‍ നിതീഷ് ബിജെപി ക്യാമ്പിലാണെന്നോര്‍ക്കണം. നയത്തെ അടിസ്ഥാനമാക്കിയാവണം തെരഞ്ഞെടുപ്പ് കൂട്ടുകെട്ട്.

നവ ഉദാരവല്‍ക്കരണനയം നടപ്പാക്കുന്ന കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിയെ നേരിടാനാവില്ല. ഇതിന് ബദല്‍ നയങ്ങള്‍ വേണം. തെരഞ്ഞെടുപ്പുരംഗത്ത് കൃത്യമായ നയവ്യക്തത വേണം. അതിന്റെ അടിസ്ഥാനത്തിലാകണം രാഷ്ട്രീയ കൂട്ടുകെട്ട്. ഇടതുപക്ഷ ഐക്യം ശക്തമാക്കണം. നയപരമായി യോജിക്കാന്‍ പറ്റുന്ന ജനാധിപത്യ കക്ഷികളുമായി യോജിപ്പുണ്ടാക്കണം. പാര്‍ടിയുടെ 21-ാം പാര്‍ടി കോണ്‍ഗ്രസ് നയമിതാണ്.

വര്‍ഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ഇടതുപക്ഷത്തിനും സിപിഐ എമ്മിനും നേരെ കടുത്ത ആക്രമണമാണ് ബിജെപി സര്‍ക്കാരിന്റെ ആശീര്‍വാദത്തോടെ നടത്തുന്നത്. കേന്ദ്രകമ്മിറ്റി ഓഫീസ് ആക്രമിച്ചത് ഇതിന് തെളിവാണ്. പാര്‍ടി ജനറല്‍ സെക്രട്ടറി മുതല്‍ അനുഭാവി വരെ ആക്രമിക്കപ്പെടുന്നു. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കുന്ന സംഘപരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.

നോട്ട് നിരോധനംമൂലം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. പല തൊഴില്‍ശാലകളും പൂട്ടി. സാമ്പത്തികരംഗം പിറകോട്ടുപോയി. ഇതിനുപിന്നാലെ ജിഎസ്ടി നടപ്പാക്കിയത് മുന്‍കരുതല്‍ എടുക്കാതെയാണ്.

ബിജെപി ഭരണം അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. അമിത്ഷായുടെ മകനെതിരെയും അഴിമതി ആരോപണമുണ്ടായി. കേരളത്തില്‍ ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോളേജ് അഴിമതിയും. നിലവിലുള്ള ബാങ്കിങ് സംവിധാനം തകര്‍ക്കാനാണ് പാര്‍ലമെന്റില്‍ എഫ്ആര്‍ഡിഎ ബില്‍ കൊണ്ടുവന്നത്- പിണറായി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top