Top
18
Monday, December 2017
About UsE-Paper

മാധ്യമപ്രവര്‍ത്തകരെ തടയാന്‍ നിര്‍ദേശിച്ചിട്ടില്ല: മുഖ്യമന്ത്രി

Thursday Nov 23, 2017
പ്രത്യേക ലേഖകന്‍


തിരുവനന്തപുരം > സെക്രട്ടറിയറ്റിനകത്ത് മാധ്യമപ്രവര്‍ത്തകര്‍ കയറുന്നത് തടയാന്‍ താനോ തന്റെ ഓഫീസോ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചൊവ്വാഴ്ച ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് നല്‍കുന്നത് സംബന്ധിച്ച് വാര്‍ത്ത ശേഖരിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവെന്ന വാര്‍ത്ത പിന്നീടാണ് കണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച രാവിലെ സെക്രട്ടറിയറ്റിലേക്ക് വരുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുനില്‍ക്കുന്നത് കണ്ടിരുന്നു. രാവിലെ 9.30നാണ് കമീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ഞാന്‍ എത്താന്‍ അല്‍പ്പം വൈകി. തിരക്കുപിടിച്ചാണ് ഓഫീസില്‍ കയറിയത്. ഉടന്‍തന്നെ റിപ്പോര്‍ട്ട് സ്വീകരിക്കുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് കയറുന്നത് മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞുവെന്നാണ് വാര്‍ത്ത വന്നത്. അത് ശരിയല്ല. മാധ്യമപ്രവര്‍ത്തകരെ തടയാന്‍ സര്‍ക്കാരിന് ഒരു ഉദ്ദേശ്യവുമില്ല. ഇക്കാര്യത്തില്‍ സുരക്ഷാജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയം ഉയര്‍ന്നുവന്നതുകൊണ്ട് ചില കാര്യങ്ങള്‍ പറയാം. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കമീഷന്‍ വന്നപ്പോള്‍ സെക്രട്ടറിയറ്റ് പരിസരം സംഘര്‍ഷസ്ഥലം പോലെയായില്ലേ. എത്ര സാഹസപ്പെട്ടാണ് അന്ന് സുരക്ഷാജീവനക്കാര്‍ കമീഷനെ അകത്തേക്ക് കടത്തിവിട്ടത്. കുറച്ചകലെ നിന്നാലും ദൃശ്യങ്ങള്‍ പകര്‍ത്താനാകും. നിര്‍ബന്ധിച്ച് പ്രതികരണം വാങ്ങുന്നതെന്തിനാണ്. കേരളത്തിനുപുറത്ത് മിക്കയിടത്തും മാധ്യമപ്രവര്‍ത്തകര്‍ അല്‍പ്പം മാറിനില്‍ക്കും. ചിലയിടങ്ങളില്‍ ഇതിനായി പ്രത്യേക സ്ഥലംതന്നെയുണ്ട്. എന്തെങ്കിലും പ്രതികരിക്കാനുണ്ടെങ്കില്‍ അങ്ങോട്ടുപോയി സംസാരിക്കും. അതല്ലെങ്കില്‍ അവര്‍ അവരുടെ വഴിക്ക് പോകും. അതിനുപകരം അതിരുകടന്നുള്ള പ്രതികരണം വാങ്ങല്‍ ശരിയാണോ എന്നു പരിശോധിക്കണം. കഴിഞ്ഞദിവസം എന്റെ ദേഹത്ത് മൈക്കുവച്ച് കുത്തി. അപ്പോഴാണ് മാറിനില്‍ക്ക് എന്നു പറയേണ്ടിവന്നത്- മുഖ്യമന്ത്രി പറഞ്ഞു.

ഏത് വിഐപിയായാലും ആശുപത്രിക്കകത്ത് കയറി റിപ്പോര്‍ട്ട് ചെയ്യാമോ എന്ന് ആലോചിക്കണം. രാഷ്ട്രീയക്കാര്‍ക്ക് ചിലപ്പോള്‍ നിങ്ങള്‍കൂടി ആശുപത്രിയിലേക്ക് വരണമെന്നുണ്ടാകും. എങ്കിലും അത് ശരിയാണോ എന്നു പരിശോധിക്കണം. ഇതിനും ഒരു പ്രോട്ടോകോള്‍ ആവശ്യമാണ്. തനിക്ക് സുരക്ഷാഭീഷണി ഉള്ളതായി അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ ഭീഷണിക്കഥകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെ കാലമായില്ലേ. അത്തരം ഭീഷണി ഭയന്ന് എവിടെയും പോകാതിരുന്നിട്ടുമില്ല- മുഖ്യമന്ത്രി പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾ »