Top
20
Monday, November 2017
About UsE-Paper

കമീഷന്റെ എല്ലാ കണ്ടെത്തലും അന്വേഷിക്കും: മുഖ്യമന്ത്രി

Friday Nov 10, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > സോളാര്‍ തട്ടിപ്പുസംബന്ധിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ് ശിവരാജന്‍ കമീഷന്റെ എല്ലാ കണ്ടെത്തലുകളെക്കുറിച്ചും തുടരന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം. പുതിയ പരാതികളോ തെളിവുകളോ ലഭിച്ചാല്‍, അവകൂടി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡിജിപി രാജേഷ് ധവാന്‍ തലവനായ പ്രത്യേകസംഘമായിരിക്കും കമീഷന്റെ കണ്ടെത്തലുകള്‍ അന്വേഷിക്കുക. മുന്‍ സര്‍ക്കാര്‍ നിയമിച്ച പ്രത്യേക അന്വേഷണസംഘത്തെ പിരിച്ചുവിട്ടതായും മുഖ്യമന്ത്രി അറിയിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവിധ കോടതികളിലുള്ള കേസുകളില്‍ നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നത് പുതിയ അന്വേഷണസംഘമായിരിക്കും. കമീഷനും നിയമോപദേശകരും നിര്‍ദേശിച്ച രീതിയില്‍ പൊലീസ്, ജയില്‍ വകുപ്പുകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായ മൂന്നംഗസമിതിയെ നിയമിക്കും.

കൈക്കൂലിപ്പണം സ്വീകരിച്ചതുകൂടാതെ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സോളാര്‍ കേസിലെ ആരോപണവിധേയരില്‍ ഒരാളില്‍നിന്ന് അധികാരസ്ഥാനത്തുള്ളവര്‍ ലൈംഗികസംതൃപ്തി നേടിയതിനെക്കുറിച്ചും കമീഷന്‍ റിപ്പോര്‍ട്ടില്‍നിന്ന് വെളിവാകുന്നു. ഇത് അഴിമതി തടയല്‍ നിയമത്തില്‍ പറയുന്ന 'നിയമവിരുദ്ധമായ പാരിതോഷികം' എന്നതിന്റെ പരിധിയില്‍ വരുമെന്ന് കമീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഹാജരാക്കുകയും ലഭ്യമാക്കുകയും ചെയ്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്താന്‍ കഴിയുമോയെന്ന് ഗൌരവമായി പരിഗണിക്കാന്‍ കമീഷന്‍ ശുപാര്‍ശ ചെയ്തത്. അഴിമതി നടത്തിയതായി കമീഷന്‍ ചൂണ്ടിക്കാട്ടിയ എല്ലാവരുടെയും പേരില്‍ അഴിമതി നിരോധന നിയമപ്രകാരമടക്കമുള്ള കുറ്റങ്ങള്‍ക്ക് അന്വേഷണം നടത്തും.

ടീം സോളാര്‍ കമ്പനിയില്‍നിന്ന് രാഷ്ട്രീയ-ഉദ്യോഗസ്ഥ-ഭരണ തലപ്പത്തുള്ളവരും സ്റ്റാഫ് അംഗങ്ങളും അവരുമായി ബന്ധമുള്ളവരും വലിയ തുക കൈക്കൂലി വാങ്ങി ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സഹായിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇക്കാര്യത്തില്‍ ക്രിമിനല്‍ നടപടി സംഹിത, അഴിമതി നിരോധന നിയമം, ഇന്ത്യന്‍ ശിക്ഷാനിയമം, ഇതര ബാധക നിയമങ്ങള്‍ അനുശാസിക്കുന്ന രീതിയില്‍ അന്വേഷണം നടത്തും.

നീതി എല്ലാവര്‍ക്കും ഒരുപോലെ ലഭ്യമാക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം. അതിനാലാണ് നിയമോപദേശം തേടിയശേഷം കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടി സ്വീകരിച്ചാല്‍ മതിയെന്ന നിലപാട് സ്വീകരിച്ചത്. തുടര്‍ന്നും ഇതേനിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.