Top
25
Saturday, March 2017
About UsE-Paper

മോഡിയുടെ ലക്ഷ്യം സഹകരണ മേഖലയെ തകര്‍ക്കല്‍ : പിണറായി

Wednesday Jan 11, 2017
വെബ് ഡെസ്‌ക്‌
ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ 28-ാം ദേശീയ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

ചെന്നൈ > നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തുഗ്ളക് പരിഷ്കാരത്തിന് പിന്നില്‍ രാജ്യത്തെ വായ്പാ സഹകരണസംഘങ്ങളെ മുച്ചൂടും തകര്‍ക്കുക എന്ന ലക്ഷ്യംകൂടിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണസംഘങ്ങള്‍ പൂട്ടിപ്പോകേണ്ട അവസ്ഥ സംജാതമാകുകയാണ്- ഓള്‍ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷന്റെ 28-ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ജീവനാഡിയാണ് സഹകരണമേഖല. ബാങ്കുകളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കേണ്ടവര്‍തന്നെ അത് തകര്‍ക്കുന്ന വിചിത്രമായ കാലത്താണ് നാം ജീവിക്കുന്നത്.  സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കുവേണ്ടി രാജ്യത്തെ ദേശസാല്‍കൃത- സഹകരണ ബാങ്കുകളെ ഇല്ലാതാക്കാനുള്ള മനഃപൂര്‍വമായ ശ്രമം നോട്ട് അസാധുവാക്കലിന്റെ ഭാഗമായി നടന്നുവെന്നതാണ് അങ്ങേയറ്റം ആശങ്കാജനകം.

ബാങ്കുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞെന്ന് ഇതിനകം വ്യക്തമായി. വായ്പാ ആവശ്യകതയും ഗണ്യമായി കുറഞ്ഞെന്നുമാത്രമല്ല, വിവിധ വഴികളിലുള്ള വരുമാനവും ഇല്ലാതായി. 1954-55നുശേഷം രാജ്യത്തെ വായ്പവളര്‍ച്ച 60 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1.7 ശതമാനത്തിലെത്തിയെന്ന് എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൌമ്യ കാന്തി ഘോഷ്തന്നെ പറഞ്ഞു. ഇന്ത്യന്‍ ജനതയും ബാങ്കിങ് മേഖലയും എക്കാലത്തെയും വലിയ സാമ്പത്തിക ആക്രമണത്തിനാണ് വിധേയമാകുന്നത്. രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും കൈമെയ് മറന്ന് ജോലി ചെയ്ത ബാങ്ക് ജീവനക്കാരുടെ മനഃസാന്നിധ്യം ശ്ളാഘനീയമാണ്.

എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള നീക്കം ഗ്രാമീണ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഇത് രാഷ്ട്രീയലക്ഷ്യത്തോടെയാണ്. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിത്. ലയനനീക്കത്തെ കേരളം ശക്തമായി എതിര്‍ത്തിട്ടുണ്ട്. ആധുനികകേരളം രൂപപ്പെടുത്തുന്നതില്‍ എസ്ബിടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

എസ്ബിടി ഇല്ലാതായാല്‍ സംസ്ഥാനത്തെ നിക്ഷേപത്തെ അത് സാരമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ലയനം യാഥാര്‍ഥ്യമാകുന്നതോടെ തൊഴിലവസരങ്ങള്‍ ഇല്ലാതാകുന്ന സ്ഥിതി കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ട്രേഡ് യൂണിയനുകള്‍ ഇതിനെതിരെ സമരം ശക്തമായി തുടരണം.
 

എന്നാല്‍മാത്രമേ, സമൂഹത്തിന്റെ ബഹുസ്വരതയും സൌന്ദര്യവും തകര്‍ക്കാനുള്ള നീക്കത്തെ പരാജയപ്പെടുത്താന്‍ സാധിക്കൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.