20 September Thursday

പ്രതീക്ഷ പകർന്ന‌്, ധൈര്യമേകി മുഖ്യമന്ത്രി ക്യാമ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018


പറവുർ
‘‘നിങ്ങൾക്ക‌് എന്താണോ നഷ‌്ടപ്പെട്ടത‌്, അതെല്ലാം തിരിച്ചു തരും’’. പ്രളയത്തിൽ വീട‌് തകർന്ന  സങ്കടം വിതുമ്പലോടെ വിവരിച്ച എഴുപത്തിമൂന്നുകാരിയായ ചിറ്റാട്ടുകര പഞ്ചായത്തിലെ നീണ്ടൂർ ശങ്കരായിത്തറ ശാന്തയുടെ കൈ ചേർത്തുപിടിച്ച‌് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ‌്. പ്രളയജലത്തിൽ ആടിയുലഞ്ഞ കേരളത്തെ കരളുറപ്പോടെ കരയ‌്ക്ക‌് അടുപ്പിച്ച മുഖ്യമന്ത്രിയുടെ ഉറപ്പ‌് നഷ‌്ടങ്ങളിൽ തരിച്ചുനിൽക്കുന്നവർക്ക‌് സമാശ്വാസത്തിന്റെ പുതുവെട്ടം നൽകി.

‘‘മുഖ്യമന്ത്രിയല്ലേ ഉറപ്പ‌് നൽകിയത‌്. അത‌് പാലിക്കുമെന്ന‌് ഉറച്ച വിശ്വാസമുണ്ട‌്. ഇനി ധൈര്യത്തോടെ ജീവിക്കാം.’’ പറവൂർ സെന്റ‌് തോമസ‌് യാക്കോബായ സുറിയാനി പള്ളിയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ശാന്ത ദേശാഭിമാനിയോട‌് പറഞ്ഞു. ഭർത്താവും മകനും നേരത്തെ തന്നെ നഷ‌്ടമായ ശാന്ത തനിച്ചാണ‌് വീട്ടിൽ താമസിച്ചിരുന്നത‌്. അതും പ്രളയം കവർന്നപ്പോൾ ജീവിതം അവസാനിച്ചുവെന്ന‌് കരുതിയതായിരുന്നു. അവിടെയാണ‌് മുഖ്യമന്ത്രി പ്രതീക്ഷയുടെ നാമ്പുകൾ നൽകി അവരെ സമാശ്വസിപ്പിച്ചത‌്.

വീടു നഷ‌്ടപ്പെട്ട പൂയപ്പിള്ളി പാടത്തുപറമ്പിൽ പ്രഭ, പാടത്തുപറമ്പിൽ ശാന്ത എന്നിവരും തങ്ങളുടെ ആവലാതികൾ മുഖ്യമന്ത്രിക്ക‌് മുന്നിൽ നിരത്തി. പരാതികളെല്ലാം ശ്രദ്ധയോടെ കേട്ട മുഖ്യമന്ത്രി  അവർക്ക‌് സർക്കാരിന്റെ കരുതലും പിന്തുണയും വാഗ‌്ദാനം നൽകി. നഷ‌്ടങ്ങളിൽ ആരും ഭയപ്പെടേണ്ട. സർക്കാർ നിങ്ങളുടെ കൂടെയുണ്ട‌്. ഉണ്ടായ നഷ‌്ടങ്ങൾ പരിശോധിച്ച‌് അവയെല്ലാം പരിഹരിക്കും. മുഖ്യമന്ത്രിയുടെ ഉറപ്പ‌് നാടും ഏറ്റുവാങ്ങി.

രാവിലെ 11.15ന‌്, നിശ‌്ചയച്ചതിലും നേരത്തെയാണ‌് മുഖ്യമന്ത്രി പറവൂരിലെത്തിയത‌്. പറവൂർ സെന്റ‌് തോമസ‌് യാക്കോബായ സുറിയാനി പള്ളിയിലെ ക്യാമ്പിലെത്തിയ മുഖ്യമന്ത്രിയെ ഫാദർ റോയ‌് എബ്രഹാം കോർഎപ്പിസ‌്കോപ്പ കൊച്ചാട്ടിൽ സ്വീകരിച്ചു. മന്ത്രി എ സി മൊയ‌്തീൻ, വി ഡി സതീശൻ എംഎൽഎ, ജിസിഡിഎ ചെയർമാൻ സി എൻ മോഹനൻ, കലക‌്ടർ മുഹമ്മദ‌് വൈ സഫീറുള്ള എന്നിവരും കൂടെയുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top