14 December Friday

ശബരിമലയിൽ ആർഎസ‌്എസ‌് അജൻഡ അനുവദിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 20, 2018

ശബരിമലയെ അശാന്തിയുടെ കേന്ദ്രമാക്കാനുള്ള ആർഎസ്എസ് അജൻഡ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോഴിക്കോട്ട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നേരത്തെ തയ്യാറെടുപ്പ‌് നടത്തി പദ്ധതിയിട്ടതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം രാത്രി ആർഎസ‌്എ‌സ‌് അക്രമികൾ സന്നിധാനത്തെത്തിയത്. സന്നിധാനം സംഘർഷഭരിതമാക്കുകയായിരുന്നു  ഉദ്ദേശ്യം. ഒരുജില്ലക്ക് പ്രത്യേക ചുമതല കൊടുത്താണ് അക്രമികളെ എത്തിച്ചത്.  പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തുനീക്കിയത‌് അക്രമികളെയാണ‌്, ഭക്തരെയല്ല. ശബരിമല വിഷയത്തിൽ സർക്കാരിന് ഒരു പിടിവാശിയുമില്ല. വിശ്വാസികൾക്കൊപ്പമാണ് സർക്കാർ.

സുപ്രീം കോടതി വിധി നടപ്പാക്കലാണ് ഏതൊരു സർക്കാരിനും ചെയ്യാൻ കഴിയുക. കേന്ദ്ര ആഭ്യന്തര വകുപ്പിൽനിന്ന‌് ദിവസവും ലഭിക്കുന്ന നിർദേശങ്ങളും സുരക്ഷാ കാര്യത്തിൽ പൊലീസ‌് സ്വീകരിക്കുന്നു. സുപ്രീംകോടതിയിൽ മറിച്ചൊരു തീരുമാനമുണ്ടായാൽ അതും സർക്കാർ നടപ്പാക്കാൻ ബാധ്യസ്ഥമാണ‌്. കോടതിവിധിയുടെ പ്രാധാന്യം അവതരിപ്പിക്കുന്ന രീതിയിൽ വാർത്തകൾ നൽകാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണം. ദർശനത്തിനുവരുന്ന സ‌്ത്രീകൾക്ക‌് പുരുഷന്മാരെപ്പൊലെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്നാണ‌് സുപ്രീംകോടതി വിധി. അതിന്റെപേരിൽ സർക്കാർ അമിത താൽപ്പര്യം കാണിച്ച‌് സ‌്ത്രീകളെ അണിനിരത്തിയിട്ടില്ല. കേരളത്തെ കലാപഭൂമിയാക്കാനാണ‌് ആർഎസ‌്എസ‌് ശ്രമം.

കേരളത്തെ അപമാനിക്കാൻ സംഘടിതശ്രമം നേരത്തെയും ഉണ്ടായി. ആ ഘട്ടത്തിലൊന്നും വഴങ്ങിയിട്ടില്ല. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിനെതിരെ ഒന്നിച്ച് പോരാടണം. അതിൽ മാധ്യമ പ്രവർത്തകർക്കും പ്രധാന പങ്ക് വഹിക്കാനാകും. നവോത്ഥാന കാലത്തിന്റെ പിന്തുടർച്ച തകർക്കാനുള്ള പ്രത്യേക അജൻഡ എല്ലാവരും തിരിച്ചറിയണം. 

മാറ്റത്തെ എതിർക്കുന്ന യാഥാസ്ഥിതിക ശക്തികൾ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട‌്. തന്റെ വിശ്വാസം മാത്രമേ മറ്റുള്ളവർക്കും പാടുള്ളു എന്നാണ‌് ഇവരുടെ ശാഠ്യം. ഇതിൽ മാധ്യമപ്രവർത്തകർക്ക‌് നിഷ‌്പക്ഷത പാടില്ല. അതിനനുസരിച്ച വാർത്താവിന്യാസം മാത്രം പോര. സന്ദേശവും നൽകുന്നതാകണം വാർത്തകൾ. കേരളത്തെ ഇരുണ്ട കാലത്തേക്ക‌് കൊണ്ടുപോകാനുള്ള നീക്കത്തെ  ഒന്നിച്ചുനേരിട്ടാൽ ഒരാശങ്കയ‌്ക്കും  സ്ഥാനമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top