16 November Friday

നഷ്ടം കണക്കുകൂട്ടലിന്‌ അപ്പുറം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018


തിരുവനന്തപുരം
കേരളത്തിൽ പ്രളയക്കെടുതിയിലുണ്ടായ നഷ്ടം  പ്രാഥമിക കണക്കിനേക്കാൾ വളരെ കൂടുതലാണെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിനുശേഷം പ്രളയബാധിതരെ പുനരധിവസിപ്പിക്കുകയാണ‌്.  ഇതിനുശേഷം പുനർനിർമാണ പ്രവർത്തനം തുടങ്ങും. വീടും വീട്ടുപകരണങ്ങളും നഷ്ടമായവർക്ക് പ്രാദേശികമായ സഹായങ്ങളും ഉറപ്പാക്കും. തെരുവിലേക്ക് ഇറങ്ങേണ്ടിവരുന്നവരെ സംരക്ഷിക്കും. വാഹനങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ ഇൻഷുറൻസ‌് കമ്പനികളുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുനരധിവാസപ്രവർത്തനങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. വീടുകളിലേക്ക് തിരിച്ചുപോകുന്നവർക്ക് ഭക്ഷണം പാകംചെയ്യാനുള്ള പാത്രങ്ങളോ സൗകര്യങ്ങളോ ഇല്ലെങ്കിൽ പ്രാദേശികമായി സമാഹരിച്ച് ലഭ്യമാക്കണം. 10,000 രൂപ സഹായം കാലതാമസമില്ലാതെ ലഭ്യമാക്കണം.മാലിന്യനിർമാർജനത്തിന് പ്രത്യേക ശ്രദ്ധ വേണം. ഇവ കായലിലേക്കും പുഴയിലേക്കും ഒഴുക്കരുത‌്. തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും.

വീട് പൂർണമായും തകർന്നവർക്കും വീട‌് താമസയോഗ്യമല്ലാതായിത്തീർന്ന കുടുംബങ്ങൾക്കും താമസസൗകര്യം ഒരുക്കണം. അങ്ങേയറ്റം പാവപ്പെട്ടവർക്ക് വീട് നിർമിക്കാൻ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും കുടുംബങ്ങളെ സ്പോൺസർ ചെയ്യാൻ സന്നദ്ധമാണ്. ജില്ലയിൽ ഇത്തരം കാര്യങ്ങൾ ഏകോപിപ്പിക്കണം.
കന്നുകാലികൾക്ക് തീറ്റ എത്തിക്കണം.

കടകൾ അടഞ്ഞുകിടക്കുന്നിടത്ത് സിവിൽ സപ്ലൈസിന്റെയും കൺസ്യൂമർഫെഡിന്റെയും സ‌്റ്റാൾ തുറക്കണം.
വാഹനങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും  ഇൻഷുറൻസ് തുക വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിതലത്തിൽ വീണ്ടും യോഗം വിളിക്കും.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top