21 November Wednesday

നഷ്ടമായത‌് കരുത്തനായ നേതാവിനെ: പിണറായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018


തിരുവനന്തപുരം
ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായി ഇടപെട്ട കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ദ്രാവിഡരാഷ്ട്രീയത്തിന് ഊർജവും കരുത്തും പ്രദാനംചെയ്ത അദ്ദേഹം നൽകിയ നേതൃത്വം പലഘട്ടങ്ങളിലും സമൂഹത്തിന്റെ പൊതുവായ മുന്നേറ്റത്തിന് ഊർജമായി. കേരളവും തമിഴ്‌നാടും തമ്മിലുള്ള ഉഭയസംസ്ഥാന ബന്ധങ്ങൾ സാഹോദര്യപൂർണമായി നിലനിർത്താനും ശക്തിപ്പെടുത്താനും പ്രത്യേക നിഷ്‌കർഷ പുലർത്തി.

ഇന്ത്യൻ രാഷ്ട്രീയം വളരെ നിർണായക വഴിത്തിരിവിൽ എത്തിനിൽക്കുന്ന ഘട്ടത്തിലാണ് കരുണാനിധിയുടെ വിയോഗം എന്നത് കൂടുതൽ ദുഃഖിപ്പിക്കുന്നു. മതനിരപേക്ഷ ജനാധിപത്യശക്തികളെ ഒരുമിപ്പിക്കേണ്ട ചരിത്രപരമായ പ്രാധാന്യമുള്ള ഘട്ടത്തിൽ ഉണ്ടായ ഈ നഷ്ടം നികത്താവുന്നതല്ല. കേരളത്തെ സംബന്ധിച്ചിടത്തോളം എന്നും സഹോദരസ്ഥാനത്തുള്ള ശ്രദ്ധേയനായ നേതാവായിരുന്നു അദ്ദേഹം. ഭാഷയും സംസ്‌കാരവും അടിച്ചേൽപ്പിക്കുന്ന വർഗീയസ്വഭാവമുള്ള നീക്കങ്ങൾക്കെതിരെ ഒരു ജനതയെയാകെ ഒറ്റ നൂലിൽ കോർത്തിണക്കിയതുപോലുള്ള തലത്തിലേക്ക് നീക്കുന്നതിന് അദ്ദേഹത്തിന്റെ സംഭാവനകൾ സഹായിച്ചു. കരുണാനിധിയുമായി എന്നും ഊഷ്മളമായ  ബന്ധമായിരുന്നതിനാൽ വ്യക്തിപരമായും  വലിയ നഷ്ടമാണ്. ഭാഷാപരമായും സംസ്‌കാരപരമായുമുള്ള ഇന്ത്യയുടെ വൈവിധ്യത്തിന് എന്നും കാവൽക്കാരനായിനിന്ന കരുണാനിധി ജാതിമത വേർതിരിവുകൾക്കെതിരായ ഐക്യത്തിന്റെ വക്താവായിക്കൂടിയാണ് എന്നും നിലകൊണ്ടത‌്‐ മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top