13 November Tuesday

ഒറ്റവർഷം : ഡീസലിന‌് കൂടിയത‌് 13 രൂപ; പെട്രോളിന‌് 10

ഡി ദിലീപ‌്Updated: Sunday Jun 17, 2018


ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസംതോറും വർധിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയിട്ട് 16ന‌് ഒരുവർഷം. ഒരുവർഷത്തിനിടെ ഡീസൽ ലിറ്ററിന‌് 12.93 രൂപയും പെട്രോളിന‌് 10.05 രൂപയും കൂട്ടി.

2017 ജൂൺ 16 മുതലാണ് ദിവസേനയുള്ള വിലമാറ്റം നിലവിൽവന്നത്. അന്ന‌് ഒരു ലിറ്റർ ഡീസലിന് 58.32 രൂപയും പെട്രോളിന് 68.13 രൂപയും ആയിരുന്നു വില. ഇന്ന് കൊച്ചിയിൽ യഥാക്രമം 71 .25 രൂപയും 78. 18 രൂപയുമാണ‌് വില.
അന്താരാഷ്ട്ര വിപണയിൽ ക്രൂഡോയിലിന‌് 147 ഡോളർവരെ വില ഉയർന്ന സമയത്തും കേരളത്തിൽ ഡീസലിന‌്  64. 50 രൂപ മാത്രമായിരുന്നു. ഇന്ന് ക്രൂഡിന‌് ബാരലിന‌്  65.74 ഡോളറായി കുറഞ്ഞു. എന്നാൽ  ഡീസൽ വില 71. 25 രൂപയായി ഉയർത്തി. 2015 മുതൽ ക്രൂഡോയിൽ വില കുറഞ്ഞ് 30 ഡോളറിൽ താഴെയായപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്കു നൽകാതെ കേന്ദ്ര  സർക്കാർ എക‌്സൈസ‌് നികുതി കൂട്ടിയും എണ്ണക്കമ്പനികൾ ലാഭവിഹിതം വർധിപ്പിച്ചും ജനങ്ങളെ കൊള്ളയടിക്കുകയായിരുന്നു.

മോഡി സർക്കാർ അധികാരത്തിൽവരുന്നതുവരെ  കേന്ദ്രസർക്കാർ ഒരുലിറ്റർ ഡീസലിന്  3.46 രൂപയും ഒരുലിറ്റർ പെട്രോളിന് 9. 48 രൂപയുമാണ‌് എക്സൈസ് നികുതി ഈടാക്കിയിരുന്നത്. മോഡി സർക്കാർ അധികാരത്തിൽവന്നശേഷം ക്രൂഡോയിൽ വില കുറയുന്നതിനനുസരിച്ച് എക്സൈസ് നികുതി വർധിപ്പിച്ചുകൊണ്ടേയിരുന്നു. ഡീസലിന് 3.46 രൂപയിൽനിന്ന് 17.33 രൂപയായും പെട്രോളിന് 9.48 രൂപയുണ്ടായിരുന്നത്  21 .48  രൂപയായും വർധിപ്പിച്ചു. തുടർന്ന‌് ചില വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പു വന്നപ്പോൾ രണ്ടു രൂപവീതം കുറച്ചു. നിലവിൽ  ഒരുലിറ്റർ ഡീസലിന് 11 .87 രൂപയും പെട്രോളിന് 10 രൂപയുമാണ‌്  അധികം ഈടാക്കുന്നത‌്. അതുപോലെ ക്രൂഡ് ഓയിൽ വില കുറഞ്ഞതിനാൽ  ലാഭവിഹിതത്തിന്റെ ശതമാനവും കുറഞ്ഞുവെന്ന കാരണം പറഞ്ഞ് എണ്ണക്കമ്പനികൾ ലാഭം 10﹣ൽനിന്ന‌് 16 ശതമാനമാക്കി ഉയർത്തുകയും  ചെയ‌്തു. അതേസമയം  തങ്ങൾക്ക‌് ലഭിച്ചുകൊണ്ടിരുന്ന വിൽപ്പന നികുതിയിൽനിന്ന‌് ഒരുരൂപ കുറച്ച‌് ജനങ്ങൾക്ക‌് ആശ്വാസം നൽകാൻ തയ്യാറായത‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ മാത്രമാണ‌്. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top