25 September Tuesday

ഇന്ധനവില വീണ്ടും കുതിക്കുന്നു ; പ്രളയദുരിതമനുഭവിക്കുന്ന കേരളീയരോട് എണ്ണക്കമ്പനികളുടെ ക്രൂരത

സ്വന്തം ലേഖകർUpdated: Thursday Aug 30, 2018


പ്രളയദുരിതമനുഭവിക്കുന്ന കേരളീയരോട് എണ്ണക്കമ്പനികളുടെ ക്രൂരത തുടരുന്നു. തുടർച്ചയായ ആറാംദിവസവും ഡീസലിനും പെട്രോളിനും വില കൂട്ടി. ബുധനാഴ‌്ച രാത്രി പെട്രോൾ ലിറ്ററിന‌് 12 പൈസയും ഡീസൽ 19 പൈസയും വീതമാണ‌് കൂട്ടിയത‌്. തിരുവനന്തപുരത്ത‌് ഒരുലിറ്റർ ഡീസലിന‌് 74.93 രൂപയായി. പെട്രോളിന‌് 81.44 രൂപയും. ചില ജില്ലകളിൽ നേരിയ വ്യത്യാസമുണ്ടാകും. ഒന്നരമാസത്തിനുള്ളിൽ ഒരുലിറ്റർ ഡീസലിന് രണ്ടു രൂപ 76 പൈസയും പെട്രോളിന് രണ്ടുരൂപ 91 പൈസയുമാണ‌് കൂട്ടിയത‌്. കേരളത്തിലെ സർവകാല റെക്കോഡിലേക്കാണ‌് ഇന്ധനവില കുതിക്കുന്നത‌്.

മെയ‌് 29ന‌് ഈടാക്കിയ 75.20 രൂപയാണ‌് കേരളത്തിൽ ഡീസലിന്റെ  റെക്കോഡ‌്‌വില. ഡീസലിന്റെ വിലവർധന കേരളത്തിലെ  ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ബാധിക്കും. സർക്കാർവാഹനങ്ങൾക്ക‌ു പുറമെ ദിവസം നൂറുകണക്കിന‌് സ്വകാര്യ വാഹനങ്ങളാണ‌് ഇതിനായി സർക്കാർ പുറമെനിന്ന‌് എടുക്കുന്നത‌്.  പ്രളയംബാധിച്ച 12 ജില്ലകളുടെ കണക്കെടുത്താൽത്തന്നെ കുറഞ്ഞത‌് 25,000 എണ്ണംവരും. ഒരു വണ്ടിക്ക‌് ചുരുങ്ങിയത‌് 100 ലിറ്റർ ഡീസൽ കൂട്ടിയാൽ 25 ലക്ഷം ലിറ്റർ ഡീസൽ വേണ്ടിവന്നിട്ടുണ്ട‌്. രണ്ടരരൂപ വില വർധിച്ചതിലൂടെമാത്രം സർക്കാർ ഖജനാവിൽനിന്ന‌് 60 ലക്ഷം രൂപയോളം അധികം നൽകേണ്ടിവന്നു. സർക്കാർ പ്രഖ്യാപിച്ച കിറ്റുകൾ വീടുകളിലെത്തിക്കാൻ ഇനിയും ദിവസങ്ങളോളം നൂറുകണക്കിന‌് വാഹനങ്ങൾ വാടകയ‌്ക്ക‌്  എടുക്കേണ്ടിവരും. ഇതിനു പുറമെയാണ‌് സർക്കാർ വാഹനങ്ങൾ. പാവങ്ങൾക്ക‌് ലഭിക്കേണ്ട ഒന്നരക്കോടിയോളം രൂപയാണ‌് ഇതിനകം എണ്ണക്കമ്പനികൾ കീശയിലാക്കിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top