13 December Thursday
തകർന്ന പുരവഞ്ചി തീരത്തേക്ക‌് സഞ്ചരിച്ചത‌് 2 കിലോമീറ്റർ

കൂട്ടിയിടിച്ച പുരവള്ളം മുങ്ങി; ഒഴിവായത‌് വൻ ദുരന്തം‐ Video

സ്വന്തം ലേഖകൻUpdated: Sunday Sep 23, 2018

ആലപ്പുഴ > പള്ളാത്തുരുത്തിയിൽ കൂട്ടിയിടിച്ച‌ പുരവള്ളം മുങ്ങി. മുങ്ങിത്താണ പുരവള്ളത്തിൽനിന്നും വിനോദസഞ്ചാരികളെ നാട്ടുകാർ രക്ഷപ്പെടുത്തി. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയതിനാൽ വൻദുരന്തം ഒഴിവായി. ഞായറാഴ‌്ച രാവിലെ മഹാരാഷ‌്ട്രയിൽ നിന്നുള്ള 28നടുത്ത്‌ വിനോദ സഞ്ചാരികളുമായി പള്ളാത്തുരുത്തിയിൽ നിന്നും കരിമ്പാവളവ‌് തുരുത്തിലേക്ക‌് പോയ കേരള പാലസ‌് പുരവള്ളമാണ‌് അപകടത്തിൽപ്പെട്ടത‌്.

കരിമ്പാവളവ‌് തുരുത്തിന‌് സമീപം വള്ളം തിരിക്കുമ്പോൾ സഞ്ചാരികളുമായി വന്ന മറ്റൊരു പുരവള്ളത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവള്ളങ്ങളും തകർന്നു. എന്നാൽ പിറകുവശം തകർന്ന കേരള പാലസ‌് പുരവള്ളത്തിന്റെ ഡ്രൈവർ വള്ളം പള്ളാത്തുരുത്തിയിൽ എത്തിക്കാനായി ഓടിച്ചുപോന്നു. ഈ സമയം അപകടത്തിൽ തകർന്ന പിറകുവശത്തെ പലകയിലൂടെ വെള്ളം കയറിക്കൊണ്ടിരുന്നു. അപകടം നടന്ന തുരുത്തിൽ നിന്നും ഏകദേശം ഒരു മണിക്കൂറോളം രണ്ട‌് കിലോമീറ്റർ സഞ്ചരിച്ചാണ‌് വള്ളം പള്ളാത്തുരുത്തി സെന്റ‌് തോമസ‌് ചർച്ചിന‌് സമീപമെത്തിയത‌്. സുരക്ഷിത സ്ഥാനത്ത‌് എത്തുന്നതിന‌് മുന്നേ വെള്ളം ഇരച്ചുകയറിയപ്പോൾ സഞ്ചാരികൾ ബഹളം വയ‌്ക്കുകയും പള്ളിയുടെ കടവിന‌് സമീപത്തേക്ക‌് വള്ളം ഇടിച്ച‌ുകയറ്റുകയുമായിരുന്നു.

ഈ സമയം പള്ളിയിൽനിന്നും ഞായറാഴ‌്ച കുർബാന കഴിഞ്ഞ‌് പുറത്തിറങ്ങിയരും നാട്ടുകാരും ചേർന്നാണ‌് വള്ളത്തിലെ സഞ്ചാരികളെ രക്ഷപ്പെടുത്തിയത‌്. കുട്ടികളടക്കം എല്ലാവരെയും പുറത്തെത്തിച്ചപ്പോഴേക്കും വള്ളം മുക്കാൽ ഭാഗത്തോളം മുങ്ങി. അപകടത്തിൽ ആർക്കും പരിക്കില്ല. നോഹാർക്കെന്ന പുരവള്ളത്തിലാണ‌് മുങ്ങിയ പുരവള്ളം ചെന്നിടിച്ചത‌്. ഇതിൽ ഹൈദരാബാദിൽ നിന്നുള്ള രണ്ട‌് കുടുംബങ്ങളാണുണ്ടായിരുന്നത‌്. സാരമായ കേടുപാടുണ്ടായ വള്ളം കരിമ്പാവളവ‌് തുരുത്തിൽ തന്നെ സുരക്ഷിതമായി അടുപ്പിച്ചു.

എ മനോഹരനാ(63)ണ‌്  മുങ്ങിയ പുരവള്ളം ഓടിച്ചിരുന്നത‌്‌. ഇയാൾക്ക‌് ലൈസൻസ് ഉണ്ടായിരുന്നില്ല. മനോഹരനെ നെടുമുടി പൊലീസ് കസ്റ്റഡിയിലെടുത്തു. പുരവള്ളത്തിനെതിരെയും കേസെടുത്തിട്ടുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top