20 November Tuesday

വരുന്നു; പ്രവാസികൾക്ക‌് വീടും പെൻഷനും

സ്വന്തം ലേഖികUpdated: Monday Aug 6, 2018


പ്രവാസികൾക്ക‌് വീട‌് നിർമാണത്തിന‌് ധന സഹായമുൾപ്പെടെ വിവിധ പദ്ധതികളുമായി സർക്കാർ. വീട‌് വെക്കാൻ സഹായം നൽകുന്ന ‘പ്രവാസി പ്രൊട്ടക‌്ഷൻ ഹൗസിങ‌് വില്ലേജ‌് ’, അയ്യായിരം രൂപ മുതൽ അമ്പതിനായിരം രൂപ വരെ പെൻഷൻ നൽകുന്ന ഡിവിഡന്റ‌് പെൻഷൻ പദ്ധതി,  പ്രവാസത്തെക്കുറിച്ച‌് പഠിക്കാൻ അന്താരാഷ‌്ട്ര പഠന കേന്ദ്രം തുടങ്ങി നിരവധി പദ്ധതികളാണ‌് ഒരുങ്ങുന്നത‌്.

ഇവയെല്ലാം അംഗീകാരത്തിനായി പ്രവാസി വെൽഫെയർ ബോർഡ‌് സർക്കാരിന‌് സമർപ്പിച്ചു. നടപടികൾ അവസാന ഘട്ടത്തിലാണെന്നും മാസങ്ങൾക്കകം പദ്ധതികൾ നടപ്പാകുമെന്നും ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ‌് പറഞ്ഞു. പ്രവാസി പ്രൊട്ടക‌്ഷൻ ഹൗസിങ‌് വില്ലേജ‌് പദ്ധതിയിൽ വീട‌് വെക്കാൻ സ്ഥലം വാങ്ങാനുള്ള തുകയുടെ 50 ശതമാനം വായ‌്പ നൽകും.

ഇതിനുള്ള സംവിധാനം ബോർഡ‌് ക്രമീകരിക്കും. ഹൗസിങ‌് വില്ലേജ‌് ഒരുക്കാൻ ബോർഡ‌് കണ്ടെത്തുന്ന സ്ഥലത്ത‌് അഞ്ച‌് മുതൽ 10 സെന്റ‌് വരെയാണ‌് വീ‌ട‌് നിർമാണത്തിന‌് നൽകു‌ക. 1200 മുതൽ 2500 ചതുരശ്ര അടി വിസ‌്തീർണമുള്ള വീടുകൾ ഇവിടെ ഒരുക്കാം.

പെൻഷൻ തുക ഉയർത്താനും തീരുമാനമെടുത്തിട്ടുണ്ട‌്. ഡിവിഡന്റ‌് പെൻഷൻ പദ്ധതിയാണ‌് മറ്റൊരു പ്രധാന ആകർഷണം. ഇതനുസരിച്ച‌് പ്രവാസികൾക്ക‌് അഞ്ച‌് ലക്ഷം മുതൽ 50 ലക്ഷം രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം.

മൂന്ന‌് വർഷം കഴിയുമ്പോൾ ഡിവിഡന്റ‌് പെൻഷനായി മാസം അയ്യായിരം മുതൽ അമ്പതിനായിരം രൂപ വരെ ലഭിക്കും. സർക്കാരിൽ സമർപ്പിച്ച ഈ പദ്ധതി രണ്ടോ മൂന്നോ മാസങ്ങൾക്കകം നടപ്പാകും. കിഫ‌്ബിയും പ്രവാസി വെൽഫെയർ ബോർഡും ചേർന്നാണ‌്  നടപ്പാക്കുക. 

പ്രവാസത്തെയും പ്രവാസികളെയും കുറിച്ച‌് സമഗ്രമായി പഠിക്കാൻ ഇന്റർനാഷണൽ ഇൻസ‌്റ്റിറ്റ്യൂഷൻ ഓഫ‌് മൈഗ്രേഷൻ എന്ന പേരിൽ സ്ഥാപനം ആരംഭിക്കാനും ശുപാർശ നൽകിയിട്ടുണ്ട‌്. ലോക കേരള സഭയുടെ ഭാഗമായി ഗൾഫിൽ യുവജനോത്സവം സംഘടിപ്പിക്കാനും ബോർഡ‌് ആലോചിക്കുന്നുണ്ട‌്.

പ്രധാന വാർത്തകൾ
Top