17 October Wednesday
പാരഡൈസ് പേപ്പര്‍ പുറത്ത്

കള്ളപ്പണം കടത്തിയവരില്‍ ബിജെപി, കോണ്‍. നേതാക്കളും

സാജന്‍ എവുജിന്‍Updated: Tuesday Nov 7, 2017

ന്യൂഡല്‍ഹി > 'നികുതിവെട്ടിപ്പുകാരുടെ സ്വര്‍ഗം' എന്നറിയപ്പെടുന്ന ആഗോളകേന്ദ്രങ്ങളിലേക്ക് കള്ളപ്പണം കടത്തിയ ബിജെപി-കോണ്‍ഗ്രസ് നേതാക്കളടക്കമുള്ളവരുടെ വിവരങ്ങള്‍ പുറത്ത്. നോട്ടുനിരോധനംവഴി രാജ്യത്തെ കള്ളപ്പണം മുഴുവന്‍ ഇല്ലാതാക്കിയെന്ന മോഡി സര്‍ക്കാരിന്റെ അവകാശവാദം പൊളിക്കുന്നതാണ് 'പാരഡൈസ് പേപ്പര്‍' വെളിപ്പെടുത്തല്‍. ബര്‍മുഡയിലെ ആപ്പിള്‍ബൈ, സിംഗപ്പൂരിലെ ഏഷ്യാസിറ്റി, വിവിധ രാജ്യങ്ങളിലെ മറ്റ് 19 കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി കള്ളപ്പണം നിക്ഷേപിച്ചതിന്റെ 1.34 കോടി രേഖകളാണ് പുറത്തുവന്നത്. ഈ കള്ളപ്പണം മൌറീഷ്യസ് വഴിയും മറ്റും ഇന്ത്യയിലേക്ക് വെള്ളപ്പണമായി തിരിച്ചുവരുന്നു. ആപ്പിള്‍ബൈ രേഖകളില്‍ത്തന്നെ 714 ഇന്ത്യക്കാരുടെ പേരുണ്ട്. രാജ്യാന്തര പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഐസിഐജെയാണ് ജര്‍മന്‍ പത്രമായ 'സൂദ്ഡോയിച്ച സൈറ്റങ്' ലൂടെ കള്ളപ്പണനിക്ഷേപകരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

നികുതിവെട്ടിപ്പിന് സഹായിക്കുക, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ കൈകാര്യംചെയ്യുക, ബിനാമി അക്കൌണ്ടുകള്‍ തുറന്നുകൊടുക്കുക, കുറഞ്ഞ നികുതിനിരക്കില്‍ വിമാനങ്ങളും യാനങ്ങളും വാങ്ങിക്കൊടുക്കുക എന്നിങ്ങനെ ശതകോടിക്കണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍ നടത്താന്‍ ഇടപാടുകാര്‍ക്ക് സൌകര്യം ചെയ്തുകൊടുക്കലാണ് ആപ്പിള്‍ബൈ പോലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനരീതി. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി, അക്കൌണ്ടന്‍സി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ ഇടപാടുകാരുടെ നോമിനികളെ എത്തിക്കുകയെന്ന ദൌത്യവും ഇത്തരം ഏജന്‍സികള്‍ ഏറ്റെടുത്തിരിക്കുന്നു. ഇടപാടുകാരുമായി ബന്ധം  സ്ഥാപിക്കാന്‍ ആപ്പിള്‍ബൈയുടെ പ്രതിനിധികള്‍ ഡല്‍ഹി, മുംബൈ നഗരങ്ങള്‍ 2009മുതല്‍ പലതവണ സന്ദര്‍ശിച്ചതായി രേഖകളില്‍ പറയുന്നു. 180 രാജ്യങ്ങളില്‍നിന്നുള്ളവര്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പട്ടികയിലുണ്ട്. ഇതില്‍ ഇന്ത്യക്ക് 19-ാം സ്ഥാനമാണ്. എയര്‍സെല്‍-മാക്സിസ് കേസില്‍ ഉള്‍പ്പെട്ട സണ്‍ ഗ്രൂപ്പാണ് ആപ്പിള്‍ബൈയുടെ ഏറ്റവുംവലിയ രണ്ടാമത്തെ ഇടപാടുകാര്‍.

കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹ 2014ല്‍ ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ്, ഒമിദ്യാര്‍ നെറ്റ്വര്‍ക്ക് എന്ന കമ്പനിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായിരുന്നു. ഒമിദ്യാറിന് അമേരിക്കന്‍ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ട്. ആപ്പിള്‍ബൈ രേഖകള്‍പ്രകാരം ജയന്ത് സിന്‍ഹ ഡിലൈറ്റ് ഡിസൈനില്‍ ഡയറക്ടറാണ്. എന്നാല്‍, തെരഞ്ഞെടുപ്പ് സമയത്ത് സിന്‍ഹ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും പ്രധാനമന്ത്രിയുടെ ഓഫീസില്‍ മന്ത്രിയെന്നനിലയില്‍ നല്‍കിയ രേഖകളിലും ഇക്കാര്യം മറച്ചുവച്ചു. ഒമിദ്യാറും ഡിലൈറ്റുംതമ്മില്‍ വന്‍തോതില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ സമയത്ത് സിന്‍ഹ ഡിലൈറ്റില്‍ ഡയറക്ടറായിരുന്നു. ബിഹാറില്‍നിന്നുള്ള ബിജെപി രാജ്യസഭാംഗം ആര്‍ കെ സിന്‍ഹയ്ക്ക് മാള്‍ട്ടയിലെയും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ്സിലെയും രണ്ട് സ്ഥാപനങ്ങളുമായി ബന്ധമുണ്ട്.

രാജസ്ഥാനിലെ ആംബുലന്‍സ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്,  പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം, മുന്‍ കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ്, വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ജിഎംആര്‍ഐഎല്‍ എന്ന കമ്പനി ആപ്പിള്‍ബൈയുടെ സഹായത്തോടെ വിദേശനിക്ഷേപം നടത്തി. ഇന്ത്യയില്‍ സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന വ്യവസായി വിജയ് മല്യയുടെ വിദേശഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ഫോര്‍ട്ടിസ് ആശുപത്രി ചെയര്‍മാന്‍ ഡോ. അശോക് സേത്തിന് സിംഗപ്പൂര്‍ ആസ്ഥാനമായ സ്റ്റെന്റ് നിര്‍മാണകമ്പനിയില്‍ ഓഹരിപങ്കാളിത്തമുണ്ട്. ഡോ. സേത്ത് രോഗികള്‍ക്ക് സ്റ്റെന്റ് നിര്‍ദേശിക്കുമ്പോള്‍ അതില്‍നിന്നുള്ള നേട്ടം ഓഹരിയായി മാറും. ഫോര്‍ട്ടിസിലെ ഇതര  ഡോക്ടര്‍മാര്‍ക്കും ഇതേ രീതിയില്‍ ഇടപാടുണ്ട്. ചികിത്സാരംഗത്തെ ആശാസ്യമല്ലാത്ത പ്രവണതകളിലേക്ക് വിരല്‍ചൂണ്ടുന്നതാണ് ഈ വെളിപ്പെടുത്തല്‍.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top