15 December Saturday

പാനൂരിലേത് നിഷ്ഠൂരമായ കൊലപാതക ശ്രമം

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017

തലശേരി > സമാധാനയോഗ തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പേ വീണ്ടും കൊലക്കത്തിയുയര്‍ത്തി ആര്‍എസ്എസ്. പാനൂരിനടുത്ത കൂറ്റേരി റേഷന്‍പീടികക്ക് സമീപം പാല്‍വിതരണക്കാരനായ സിപിഐ എം പ്രവര്‍ത്തകന്‍ കൈവേലിക്കലിലെ കാട്ടീന്റവിട ചന്ദ്രനെ വെട്ടിനുറുക്കി കൊലപ്പെടുത്താനാണ് ആര്‍എസ്എസ് ശ്രമിച്ചത്. മട്ടന്നൂര്‍ അയ്യല്ലൂരില്‍ ഇരിട്ടി ഗവ. ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ടി സുധീറിനെയും ശ്രീജിത്തിനെയും പതിയിരുന്നാക്രമിച്ചതിന്റെ നടുക്കംമാറുമുമ്പാണ് വീണ്ടും നിഷ്ഠൂരമായ ആക്രമണമുണ്ടായത്.

മൊകേരി ക്ഷീരോല്‍പാദക സൊസൈറ്റിയിലെ പാല്‍വിതരണക്കാരനായ കൈവേലിക്കലിലെ കാട്ടീന്റവിട ചന്ദ്രന്‍ സ്ഥിരമായി പാലുമായി പോവുന്ന വഴിയില്‍ കാത്തിരുന്നാണ് കൊല്ലാക്കൊല ചെയ്തത്. ഇരുകാലുകളും വെട്ടിമാറ്റി കൊലപ്പെടുത്താനായിരുന്നു ശ്രമം. കാലുകള്‍ അറ്റുതൂങ്ങിയ നിലയില്‍ ശരീരമാസകലം മാരകപരിക്കേറ്റ് റോഡരികില്‍ വീണ ചന്ദ്രനെ പൊലീസാണ് തലശേരി കോഓപ്പറേറ്റീവ് ആശുപത്രിയിലെത്തിച്ചത്. സമാധാനത്തിന്റെ മഷിയുണങ്ങുംമുമ്പ് ആര്‍എസ്എസ് നടത്തിയ അക്രമം സമാധാനത്തിനായി ആഗ്രഹിക്കുന്ന ജനങ്ങളെയാകെ ഉത്കണ്ഠപ്പെടുത്തുന്നതാണ്.

അണികളെ അക്രമത്തിന് ആഹ്വാനംചെയ്ത ബിജെപി അധ്യക്ഷന്‍ കുമ്മനംരാജശേഖരനാണ് ഈ അക്രമസംഭവത്തിലെ ഒന്നാംപ്രതി. തലശേരി ഇന്ദിരഗാന്ധി ആശുപത്രിയില്‍ 23ന് രാവിലെ  സന്ദര്‍ശനം നടത്തിയാണ് കുമ്മനം അക്രമത്തിന് ആഹ്വാനം ചെയ്തത്. പിറ്റേദിവസം മട്ടന്നൂരിലും തൊട്ടുപിന്നാലെ പാനൂരിലും അണികള്‍ ആയുധമെടുത്ത് സിപിഐ എം പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്തു. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്ക് സിപിഐ എം അക്രമമെന്ന് പറഞ്ഞ് നിവേദനം നല്‍കാനും ഒരു മടിയും കൊലയാളിപാര്‍ടി നേതാവിനുണ്ടായില്ല.

മട്ടന്നൂരില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സിപിഐ എം പ്രവര്‍ത്തകരെ കൊല്ലാക്കൊല ചെയ്ത പശ്ചാത്തലത്തിലാണ് ബുധനാഴ്ച കണ്ണൂരില്‍ ഉഭയകക്ഷി സമാധാനയോഗം ചേര്‍ന്നത്. പതിവ്പോലെ കൊലക്കത്തി ഒളിപ്പിച്ച് വെച്ചാണ് സമാധാനത്തെക്കുറിച്ച് ആര്‍എസ്എസ് ഗിരിപ്രഭാഷണം നടത്തിയതെന്ന് പാനൂര്‍ സംഭവം വ്യക്തമാക്കുന്നു. പാനൂര്‍ മേഖലയില്‍ തുടര്‍ച്ചയായി ആര്‍എസ്എസ് നടത്തുന്ന ആറാമത്തെ വധശ്രമമാണ് കൈവേലിക്കലിലെ കാട്ടീന്റവിട ചന്ദ്രന്റേത്.

സിപിഐ എം പുത്തൂര്‍ ലോക്കല്‍കമ്മിറ്റി അംഗം ചെണ്ടയാട് കുനുമ്മലിലെ നൗഷാദ്, പാര്‍ടി അനുഭാവി നൗഫല്‍, പാലക്കൂലിനടുത്ത അഷറഫ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി എം പി ബൈജു, മേഖല പ്രസിഡന്റ് പി വിജേഷ് എന്നിവരാണ് സമീപകാലത്ത് പാനൂരില്‍ മാത്രം ആര്‍എസ്എസ് വധശ്രമത്തിനിരയായത്. മാരകപരിക്കേറ്റ കുനുമ്മലിലെ അഷറഫ് ഇപ്പോഴും ചികിത്സയിലാണ്. പുത്തൂര്‍ ലോക്കല്‍ സമ്മേളന പ്രചാരണ സാമഗ്രികള്‍ നശിപ്പിച്ചതിനെതിരെ കൈവേലിക്കലില്‍ നടത്തിയ  പ്രകടനമടക്കം ആക്രമിച്ചു. നാല്സ്ത്രീകളടക്കം പതിനൊന്ന്പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.

പൊയിലൂര്‍ ലോക്കല്‍ സമ്മേളന സമാപനപ്രകടനത്തിനും ബോംബെറിഞ്ഞു. പാലക്കൂലില്‍ സിപിഐ എം പ്രവര്‍ത്തകരുടെ വീടുകളും ആക്രമിച്ചു. തെക്കേപാനൂരില്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി കണ്ണംവെള്ളിയിലെ ചന്ദ്രനെ ബുധനാഴ്ചയാണ് ആക്രമിച്ചത്. ചെണ്ടയാട് നടന്ന സിപിഐ എം പാനൂര്‍ ഏരിയസമ്മേളനം അലങ്കോലമാക്കാന്‍ പരമാവധി ശ്രമിച്ചു. എല്ലാം സഹിച്ചും ക്ഷമിച്ചും സമാധാനത്തിനായി നിലകൊണ്ട സിപിഐ എമ്മിനെ വീണ്ടും പ്രകോപിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് കൂറ്റേരിയില്‍ മൊകേരി പാല്‍ സൊസൈറ്റി ജീവനക്കാരനെ പതിയിരുന്നാക്രമിച്ച സംഭവം.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top