19 October Friday

പമ്പ-ശബരിമല പുനര്‍നിര്‍മാണ ഉത്തരവ് സ്റ്റേ ചെയ്യില്ല; കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ആവശ്യം രാഷ്ട്രീയപ്രേരിതമെന്ന് കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 18, 2018

കൊച്ചി > പമ്പയിലെയും ശബരിമലയിലെയും പുനര്‍നിര്‍മാണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേയില്ലെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ ആവശ്യപ്പെട്ട കോണ്‍ഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

രാഷ്ട്രീയനേട്ടത്തിന് കോടതിയെ ഉപയോഗിക്കരുതെന്നും ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് താക്കീത് ചെയ്തു. പ്രളയത്തിനുശേഷമുള്ള പുനര്‍നിര്‍മാണത്തിന് എല്ലാ മേഖലയില്‍നിന്നുള്ളവരും കൈകോര്‍ത്ത് മുന്നേറുമ്പോള്‍ ദേവസ്വം ജീവനക്കാര്‍ ഇത്തരം നിലപാട് സ്വീകരിക്കരുതെന്നും കോടതി പറഞ്ഞു.

പമ്പയിലെയും ശബരിമലയിലെയും നിര്‍മാണം ദേവസ്വംബോര്‍ഡാണ് നേരത്തെ നടത്തിയിട്ടുള്ളതെന്നും അതിനാല്‍ പുനര്‍നിര്‍മാണ ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന സര്‍ക്കാര്‍ നിലപാടില്‍ തെറ്റില്ലെന്നും കോടതി വിലയിരുത്തി. പമ്പവരെയുള്ള നിര്‍മാണപ്രവൃത്തികള്‍ സര്‍ക്കാര്‍ നേരിട്ട് പൂര്‍ത്തിയാക്കണമെന്ന് ഉത്തരവില്‍ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പമ്പയില്‍ പുതിയ പാലം നിര്‍മിക്കേണ്ട ആവശ്യമില്ലെന്നും അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്തുവരികയാണെന്നും കോടതി പറഞ്ഞു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മണല്‍ പൂര്‍ണമായും ഉപയോഗിക്കാനാകില്ലെന്നും വലിയൊരു ഭാഗം മണല്‍ പമ്പയുടെ തീരസംരക്ഷണത്തിനായി ഉപയുക്തമാക്കുമെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹന്‍ ബോധിപ്പിച്ചു. ദേവസ്വം ജീവനക്കാര്‍ക്ക് ഇത്തരമൊരു ഹര്‍ജി ഫയല്‍ ചെയ്യാന്‍ അവകാശമില്ലെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. ശബരിമലയിലെ പുനര്‍നിര്‍മാണം സംബന്ധിച്ച ദേവസ്വം കമീഷണറുടെ റിപ്പോര്‍ട്ടിനൊപ്പം പരിഗണിക്കാന്‍ കേസ് കോടതി മാറ്റിവച്ചു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top