17 November Saturday

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നടത്തുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

വെബ് ഡെസ്‌ക്‌Updated: Thursday Jun 21, 2018

പാലക്കാട് > പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം നടത്തുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.  സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അഞ്ചാം വര്‍ഷ ബാച്ചിലേക്കുള്ള നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാനാണ് ഹൈക്കോടതി ഉത്തരവായത്. ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള അനുമതി എംസിഐ നിഷേധിച്ചിരുന്നു. ഇതിനെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. പട്ടികജാതി പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുമുള്ള പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്

    മെഡിക്കല്‍ കൗണ്‍സില്‍ ശുപാര്‍ശപ്രകാരം 2018-19 അക്കാദമിക് വര്‍ഷത്തേക്ക് രാജ്യത്തെ പുതിയ കോളേജുകള്‍ക്ക് സമര്‍പ്പിച്ച 68 അപേക്ഷകളും സീറ്റ് വര്‍ദ്ധനവിനായി സമര്‍പ്പിക്കപ്പെട്ട 9 അപേക്ഷകളും തുടര്‍ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട 82 അപേക്ഷകളും അടക്കം ആകെ 159 കോളേജുകളുടെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയുണ്ടായി. കേരളത്തില്‍ പാലക്കാട് മെഡിക്കല്‍ കോളേജും 8 സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കുമാണ് ഈ വര്‍ഷത്തേക്ക് അഡ്മിഷനുള്ള അനുമതി നിഷേധിക്കപ്പെട്ടത്.

 ഒട്ടാകെ കേരളത്തില്‍ മാത്രം 1600 ഓളം മെഡിക്കല്‍ സീറ്റുകളുടെ കുറവ് ഇതുമൂലം സംഭവിച്ചിട്ടുണ്ട്.  
2018-19 അക്കാദമിക് വര്‍ഷം മുതല്‍ അഞ്ചാം ബാച്ച് എംബിബിഎസ് കോഴ്‌സുകള്‍ക്കുള്ള അംഗീകാരമാണ് ഈ വര്‍ഷം ലഭ്യമാക്കേണ്ടിയിരുന്നത്. ഇതിനായി മുന്‍വര്‍ഷങ്ങളിലേത് പോലെ സമയബന്ധിതമായി മെഡിക്കല്‍ കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന 2017 ഓഗസ്റ്റ്, ഡിസംബര്‍ മാസങ്ങളിലായി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു.

    12.04.2018 ന് ചേര്‍ന്ന എംസിഎ എക്‌സിക്യൂട്ടീവ് അഞ്ചാം ബാച്ചിനുള്ള അനുമതി നല്‍കുന്നതിന് എതിരെ ശുപാര്‍ശ സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് ഈ വര്‍ഷത്തെ ബാച്ചിനുള്ള പ്രവേശനം സാധ്യമാക്കുവാന്‍ തുടര്‍ച്ചയായ ഇടപെടല്‍ വകുപ്പ് തലത്തില്‍ നടത്തുകയുണ്ടായി. മെഡിക്കല്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ പരിശോധനാ റിപ്പോര്‍ട്ടില്‍ എംസിഐ ഇന്‍സ്‌പെക്ഷന്‍ ടീം ഈ വര്‍ഷത്തെ പ്രവേശനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളൊന്നും തന്നെ പരിഗണിച്ചില്ല.

    എസ്‌സി, എസ്ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി,  ഡല്‍ഹിയിലെ റസിഡന്റ് കമ്മീഷണര്‍, പാലക്കാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ എന്നിവര്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ രേഖാമൂലം അനുമതി ലഭ്യമാക്കുന്നതിനായി നിരന്തരമായ ഇടപെടലാണ് നടത്തിയത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കുകയുണ്ടായി. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ 31.05.2018 തീയ്യതി അനുമതി നിഷേധിച്ചുകൊണ്ട് എംസിഐ ഉത്തരവുണ്ടാവുകയായിരുന്നു.

    ഈ സാഹചര്യത്തില്‍ 2018 ജൂണ്‍ മാസം 12 ന് മന്ത്രി നേരിട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉള്ളതും 76 പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പ്രവേശനം സാധ്യമാകുന്നതുമായ പാലക്കാട് മെഡിക്കല്‍ കോളേജിന് ഈ വര്‍ഷത്തെ തുടര്‍ അനുമതി ലഭ്യമാകുന്നതിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

 ഈ ഇടപെടലിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നും മെഡിക്കല്‍ കൗണ്‍സിലിന് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.    എന്നാല്‍ അതിനോടകം കേരള ഹൈക്കോടതിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഈ വിഷയത്തില്‍ റിട്ട് ഹര്‍ജി ബോധിപ്പിക്കുകയും മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിനായി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.

അതിനെ തുടര്‍ന്നാണ് ഹൈക്കോടതി പാലക്കാട് മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ നൂറ് സീറ്റിലേക്കുള്ള പ്രവേശനത്തിനുള്ള  അനുമതി ഇന്ന് നല്‍കിയത്. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ആശുപത്രി ബ്ലോക്ക് നിര്‍മ്മാണം ത്വരിതഗതിയില്‍ നടന്നുവരികയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 310 കോടി രൂപ അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഇടപെടലുകള്‍ നടത്തിയിട്ടുള്ളതുമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്നത്തെ നിലയില്‍ മെഡിക്കല്‍ കോളേജിന് ആവശ്യമായ 281 തസ്തികകള്‍ സൃഷ്ടിച്ചു.

 മേല്‍പറഞ്ഞ 281 തസ്തികകളില്‍ ഒഴിവുണ്ടായിരുന്ന 37 അദ്ധ്യാപക തസ്തികകളില്‍ സുതാര്യമായ രീതിയില്‍ നിയമനം നടത്തുകയും ചെയ്തു.    മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വ്യവസ്ഥകള്‍ അനുസരിച്ച് നാലാമത്തെ റിന്യൂവല്‍ ലഭിക്കുന്നതിന് വേണ്ട 24 അദ്ധ്യാപക തസ്തികകള്‍ കൂടി പുതുതായി സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ടെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top