19 September Wednesday
കോച്ച‌് ഫാക്ടറി

യോജിച്ച പ്രക്ഷോഭത്തിന്‌ തടസ്സം യുഡിഎഫ‌് എംപിമാർ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018


പാലക്കാട്‌ കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന്‌ തടസ്സംനിൽക്കുന്നത്‌ യുഡിഎഫ്‌ എംപിമാരാണെന്ന‌് എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. 

തങ്ങളോട്‌ ആലോചിക്കാതെയാണ്‌ ഇടതുപക്ഷ എംപിമാർ ധർണ നടത്തിയതെന്ന യുഡിഎഫ്‌ എംപിമാരുടെ ആരോപണം ശരിയല്ല. കോച്ച്‌ ഫാക്ടറി വിഷയം യോജിച്ച്‌ ഉന്നയിക്കണമെന്ന്‌  തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.

ഈ ധാരണയുടെ അടിസ്ഥാനത്തിൽ സിപിഐ എം പാർലമെന്ററി പാർടി നേതാവ‌് പി കരുണാകരൻ കോൺഗ്രസ്‌ നേതാക്കളുമായി  സംസാരിച്ചിരുന്നു. കെ സി വേണുഗോപാൽ എംപിയുമായി നടത്തിയ ചർച്ചയിൽ യോജിച്ച സമരമാകാമെന്നും അറിയിച്ചു. കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ പൊതുതാൽപ്പര്യത്തിനായി എല്ലാ രാഷ്ട്രീയപാർടികളെയും ഒന്നിപ്പിക്കാനാണ്‌ മുഖ്യമന്ത്രി ശ്രമിച്ചത്‌.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അഖിലകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദർശിച്ചതാണ്‌. കേന്ദ്രം നിഷേധാത്മക സമീപനമാണ്‌ സ്വീകരിക്കുന്നതെന്ന്‌ വ്യക്തമായിട്ടുണ്ട്‌.

ഈ സാഹചര്യത്തിൽ കോച്ച്‌ ഫാക്ടറി വിഷയത്തിൽ എല്ലാ കേരള എംപിമാരും ഒന്നിച്ചുനിന്ന്‌ ശബ്ദമുയർത്തേണ്ടതായിരുന്നു. എന്നാൽ, സങ്കുചിതമായ രാഷ്ട്രീയതാൽപ്പര്യമാണ്‌ യുഡിഎഫ്‌ എംപിമാരെ പിന്തിരിപ്പിച്ചത്‌. ഏഴ‌് യുഡിഎഫ്‌ എംപിമാർ യുപിഎ സർക്കാരിൽ മന്ത്രിമാരായിരുന്നിട്ടും കോച്ച്‌ ഫാക്ടറിക്കുവേണ്ടി ഒന്നുംചെയ്‌തില്ലെന്നതും ഓർക്കേണ്ടതുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

പ്രധാന വാർത്തകൾ
Top