16 November Friday

വിക്‌ടോറിയയില്‍ ചരിത്രമെഴുതി എസ്എഫ്‌ഐ; മുഴുവന്‍ ജനറല്‍ സീറ്റിലും പെണ്‍കുട്ടികള്‍ മത്സരിക്കും

സ്വന്തം ലേഖകൻUpdated: Wednesday Aug 8, 2018

പാലക്കാട‌് > ഇത്തവണ പാലക്കാട്‌ ഗവ. വിക്‌‌ടോറിയ  കോളേജ‌് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനറൽ സീറ്റിലേക്കും എസ‌്എഫ‌്ഐ രംഗത്തിറക്കുന്നത‌് പെൺകുട്ടികളെ. 130 വർഷത്തെ കലാലയ ചരിത്രത്തിലാദ്യമായാണ് ഇവിടെ മുഴുവൻ പാനലിലും വനിതാസ്ഥാനാർഥികൾ  മത്സരിക്കുന്നത്. ഒമ്പത‌് ജനറൽ സീറ്റിലും ഡി​​ഗ്രി, പിജി പ്രതിനിധികളായും എസ്എഫ്ഐ മത്സരിപ്പിക്കുന്നത് പെൺകുട്ടികളെയാണ്.

1976ലാണ‌് ഒരു വനിത ഇവിടെ യൂണിയൻ ചെയർപേഴ്സണാവുന്നത്.  ഇത്തവണ പൊതു കാഴ‌്ചപ്പാടുകളെ തച്ചുടച്ച് ചരിത്രം തിരുത്തിക്കുറിക്കാനാണ‌് എസ്എഫ്ഐ മുഴുവൻ സീറ്റുകളിലും വനിതകളെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് വിക്ടോറിയ കോളേജ് യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ആൺകോയ‌്മയുടെ വർത്തമാനകാല രാഷ്ട്രീയത്തെ പ്രതിരോധിക്കുക എന്ന നിലപാട് ഉയർത്തിപ്പിടിച്ചാണ‌് മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിക്കുന്നത‌്. ‘ഒരുമിച്ച് നിൽക്കാം, ഒരുമിച്ച് പോരാടാം' എന്ന മുദ്രാവാക്യം ഉയർത്തി വിക്ടോറിയയിലെ എസ്എഫ്ഐ യൂണിറ്റ‌് ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടും.

മഹാരാജാസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും കാലടി സർവകലാശാല ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിലും ഇതിനു മുമ്പ‌് മുഴുവൻ സീറ്റിലും പെൺകുട്ടികളെ മത്സരിപ്പിച്ച് എസ്എഫ്ഐ മാതൃക കാണിച്ചതാണ്.

ചെയർപേഴ്സൺ സ്ഥാനാർഥിയായി രസിതയും വെെസ് ചെയർമാനായി അഫ്രീൻ സോനയും മത്സരിക്കുമ്പോൾ, ജനറൽ സെക്രട്ടറി എസ് നിരഞ്ജന, ജോയിന്റ‌് സെക്രട്ടറി ശ്രീലക്ഷ്മി, യുയുസി ശാലിമ, ശ്രേയ, ഫെെൻ ആർട്സ് ക്ലബ‌് സെക്രട്ടറി എം പി അര്യ, മാ​ഗസിൻ എഡിറ്റർ ആർദ്ര പി ഗോപിനാഥ്, ജനറൽ ക്യാപ്റ്റൻ ടി സി ചെഷ്മ എന്നിവരാണ് ജനറൽ സീറ്റുകളിൽ മത്സരിക്കുന്നത്. ഡി​ഗ്രി, പിജി പ്രതിനിധികളായി സജിഷ, സുചിത്ര, പ്രിയ, സായ് അ‍‌‍‍ഞ്ജന, എന്നിവരാണ് മത്സരിക്കുക.

രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന കലാലയത്തിൽ ഭൂരിഭാഗവും വനിതകളാണ്. വർത്തമാനകാലത്തെ പെൺ സമരങ്ങൾക്കുള്ള ഐക്യദാർഢവും പുരുഷകേന്ദ്രീകൃത അധികാരരാഷ്ട്രീയത്തിൽ വനിതകളും ഉയർന്നുവരണമെന്ന തീരുമാനവുമാണ് എസ്എഫ്ഐ ഏറ്റെടുത്തു നടപ്പാക്കുന്നത‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top