15 November Thursday

കണ്ണീർ വറ്റാത്ത ഊരിൽ പി രാജീവ് എത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 6, 2018


വട്ടവട
കണ്ണീർ ഉണങ്ങാത്ത കൊട്ടക്കാമ്പൂരിലെ അഭിമന്യുവിന്റെ ഊരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവ് എത്തി. ദുഃഖത്തിന്റെ ആഴക്കടലിൽ അകപ്പെട്ട കുടുംബത്തെ രാജീവ് ആശ്വസിപ്പിച്ചു.

നിന്നുതിരിയാൻ ഇടമില്ലാത്ത ഒറ്റമുറി വീട്ടിലെ ഏക കട്ടിലിൽ രാജീവിനെ വീട്ടുകാർ ഇരുത്തി. അഭിമന്യുവിന്റെ അച്ഛൻ മനോഹരന്റെ വാക്കുകളിൽ വേദനയുടെ ഉരുൾപൊട്ടൽ. കഷ്ടപ്പെട്ടും കൂലിപ്പണിയെടുത്തും അവനെ വളർത്തിയതാണെന്ന‌് മനോഹരൻ പറഞ്ഞപ്പോൾ അകമ്പടിയായി ഭാര്യ ഭൂപതിയുടെ ഏങ്ങലടികൾ. ഒപ്പം 'നാൻ പെറ്റ മകനേ' എന്ന വിലാപവും.

പ്രതികൾക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് മനോഹരൻ രാജീവിനോട് ആവശ്യപ്പെട്ടു. മകൻ പരിജിത്തിന് ജോലി ലഭ്യമാക്കാനും മകൾ കൗസല്യയുടെ കല്യാണക്കാര്യത്തിലും എല്ലാം പാർടി കൂടെയുണ്ടാകുമെന്ന് രാജീവ് ആ അച്ഛനെ ആശ്വസിപ്പിച്ചു. മനോഹരൻ, ഭൂപതി, പരിജിത്, കൗസല്യ എന്നിവരെ കൂടാതെ അഭിമന്യുവിന്റെ അമ്മാവൻമാരായ ചന്ദ്രബോസ്, അൻപഴകൻ എന്നിവരും കുടിലിൽ ഉണ്ടായിരുന്നു.

ബുധനാഴ‌്ച സന്ധ്യയ‌്ക്ക‌് ആറരയോടെയാണ് രാജീവ് വട്ടവടയിലെത്തിയത്. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എം ലക്ഷ്മണൻ, ഏരിയ സെക്രട്ടറി വി സിജിമോൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top