19 October Friday

അഭിമന്യുവധം: ‌ആന്റണിയുടെ നിലപാട‌് കേരളത്തെ വെല്ലുവിളിക്കുന്നത‌് ‐ രാജീവ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 4, 2018

കൊച്ചി > മഹാരാജാസ‌് കോളേജിലെ എസ‌്എഫ‌്ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ ക്യാമ്പസ‌് ഫ്രണ്ടിനെ വെള്ളപൂശിയ എ കെ ആന്റണി മത നിരപേക്ഷ കേരളീയസമൂഹത്തെയാണ് വെല്ലുവിളിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ‌് അംഗം പി രാജീവ‌്. ക്യാമ്പസിൽ എസ്എഫ്ഐയാണ് ആക്രമണം നടത്തുന്നതെന്നു പറയുമ്പോൾ ആരെയാണ് കോളേജുകളിൽ എസ്എഫ്ഐ കൊലപ്പെടുത്തിയതെന്ന് ആന്റണി മറുപടി പറയണമെന്നും പി രാജീവ‌് ആവശ്യപ്പെട്ടു.

മനുഷ്യത്വമുള്ള ആർക്കും ന്യായീകരിക്കാൻ കഴിയാത്ത അരുംകൊലയെ എങ്ങനെയാണ് ആന്റണി പരോക്ഷമായി പിന്തുണയ‌്ക്കുന്നതെന്നും പി രാജീവ‌് ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിലൂടെ ചോദിച്ചു. 33 വിദ്യാർഥികളാണ‌് എസ‌്എഫ‌്ഐക്കാർ ആയതിന്റെ പേരിൽ കേരളത്തിൽ കൊല്ലപ്പെട്ടത്. അതിൽ ഭൂരിപക്ഷം പ്രവർത്തകരെയും കൊലപ്പെടുത്തിയത് ആന്റണിയുടെ സ്വന്തം കെഎസ‌്‌യുവാണ്‌. എറണാകുളത്ത് തോമസ് ഐസക്കിനെ കൊലപ്പെടുത്താൻ  കൊലയാളിസംഘത്തെ അയച്ചതും ആളുമാറി ലക്ഷദ്വീപുകാരൻ മുത്തുക്കോയയെ കൊലപ്പെടുത്തിയതും കെഎസ്‌യുവാണ‌്. തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ പി കെ രാജനെ കൊലപ്പെടുത്തിയതും സൈമൺ ബ്രിട്ടോയെ കൊല്ലാൻ ശ്രമിച്ച് നട്ടെല്ലുതകർത്തതും കെഎസ്‌യു തന്നെ. ഇത് എറണാകുളം ജില്ലയുടെ മാത്രം ചരിത്രം.

താൽക്കാലിക നേട്ടത്തിന‌് വർഗീയതയെയും ഭീകരവാദത്തെയും പുണരാൻ മടിയില്ലാത്തയാളായി ആന്റണി മാറിയെന്ന് ചെങ്ങന്നൂർ തെരഞ്ഞെടുപ്പുസന്ദർഭം തെളിയിച്ചത് കേരളം മറന്നിട്ടില്ല. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മന്ത്രിയായും അല്ലാതെയും പാർലമെന്റിൽ ബിജെപിക്കും വർഗീയതയ‌്ക്കും എതിരെ ഒരക്ഷരംപോലും ആന്റണി ഉരിയാടിയിട്ടില്ലെന്ന് അടുത്തകാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. 10 വർഷത്തിനുള്ളിൽ ആകെ 10 ചർച്ചകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്.

സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാ എംപിമാരുടെ ശരാശരി 140 ആണെന്ന‌്  മാധ്യമങ്ങൾ പ്രസിദ്ധീകരിച്ച കാര്യവും പി രാജീവ‌് ഫെയ‌്സ‌്ബുക്ക‌് പോസ‌്റ്റിൽ കുറിച്ചു.

പ്രധാന വാർത്തകൾ
Top