14 November Wednesday

പ്രസവചികിത്സ : ഓക്സിടോസിന‌് കേന്ദ്രവിലക്ക‌്

സതീഷ‌്ഗോപിUpdated: Monday Sep 3, 2018


കേന്ദ്രസർക്കാർ ഉത്തരവിനെ തുടർന്ന് പ്രസവചികിത്സയിലെ ജീവൻരക്ഷാ ഔഷധം ഓക്സിടോസിന്റെ ശേഖരണവും വിൽപനയും സ്വകാര്യകമ്പനികൾ ഒഴിവാക്കുന്നു. സ്വകാര്യവിതരണസ്ഥാപനങ്ങളിൽനിന്ന് വിൽപനാവകാശം എടുത്തുകളഞ്ഞ് കഴിഞ്ഞ ആഗസ്ത് 21ന് ഇറക്കിയ വിജ്ഞാപനം നിലനിൽക്കുന്നതിനാലാണ് കമ്പനികൾ സെപ്തംബർ ഒന്നുമുതൽ ഇത് വിപണിയിലെത്തിക്കുന്നത് ഒഴിവാക്കിയത്.

ക്ഷീരമേഖലയിൽ ഓക്സിടോസിൻ ദുരുപയോഗം ചെയ്യുന്നതായുള്ള ആക്ഷേപത്തെ തുടർന്ന് ഒന്നുമുതൽ ഇതിന്റെ ഉൽപാദനവും വിതരണവും കർണാടക ആന്റിബയോട്ടിക്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് മാത്രമായി കേന്ദ്രസർക്കാർ നിജപ്പെടുത്തിയിരുന്നു. ഏപ്രിൽ 27നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്. സ്വകാര്യ ഔട്ട്ലറ്റുകളിലൂടെയുള്ള വിതരണവും നിരോധിച്ചിരുന്നു. മരുന്നിന്റെ ലഭ്യതക്കുറവിനും വിലക്കൂടുതലിനും ഇത് വഴിയൊരുക്കുമെന്നതിനാൽ രാജ്യവ്യാപകമായി ഈ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നു. തുടർന്ന് തീരുമാനം മരവിപ്പിക്കുകയും പുതിയ വിജ്ഞാപനത്തിലൂടെ ഷെഡ്യൂൾ എച്ച് വിഭാഗത്തിലുണ്ടായിരുന്ന മരുന്നിനെ എച്ച് വൺ കാറ്റഗറിയിലേക്ക് മാറ്റുകയും ചെയ‌്തു. ഇത്തരം മരുന്ന് വിതരണം ചെയ്യുന്നതിന് കർശനമായ മാനദണ്ഡങ്ങളുണ്ട്. രോഗിയുടെ പേര്, നൽകിയ അളവ് തുടങ്ങിയ വിവരങ്ങളടങ്ങിയ പ്രത്യേക രജിസ്റ്റർ തയ്യാറാക്കണം. രഹസ്യസ്വഭാവത്തോടെ ഇത് മൂന്നുവർഷം സൂക്ഷിക്കുകയും വേണം.

സ്വകാര്യമേഖലയിൽ ഓക്സിടോസിൻ ഉൽപാദിപ്പിക്കുന്നത് തടഞ്ഞ കേന്ദ്രനയത്തെ ഫെഡറേഷൻ ഓഫ് ഫാർമ എന്റപ്രണേഴ്സ് ശക്തമായി എതിർക്കുന്നു. അവശ്യമരുന്നിന്റെ കുത്തക പൊതുമേഖലാസ്ഥാപനങ്ങൾക്ക് നൽകുന്നതിനാണ് ഇതിനെ എച്ച് വൺ പട്ടികയിൽപ്പെടുത്തിയതെന്നാണ് അവരുടെ നിലപാട്. ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയും മരുന്ന‌് നിയന്ത്രിക്കുന്നതിലെ ആശങ്ക കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പ്രസവസമയത്തെ മാതൃമരണനിരക്ക് കുറക്കുന്നതിൽ നിർണായക പങ്കാണ് ഈ ഔഷധത്തിന്. പ്രസവം സുഗമമാക്കാനും അതുവഴി പ്രസവാനന്തരമുള്ള രക്തപ്രവാഹം നിയന്ത്രിക്കുന്നതിലും കാര്യമായ പങ്കുവഹിക്കുന്നു. ഓക്സിടോസിന് പകരം പരിമിതമായി ഉപയോഗിക്കാവുന്ന 'കാർബെറ്റോസിൻ' എന്ന മരുന്നിന് വില കൂടുതലാണ്. 2016ൽ ഹിമാചൽപ്രദേശ് ഹൈക്കോടതി നടത്തിയ ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് വേണ്ടത്ര പഠനങ്ങളില്ലാതെ നിരോധനത്തിന് മുന്നിട്ടിറങ്ങിയത്. പാൽ ചുരത്തുന്നതിനായി പശുക്കൾക്ക് കുത്തിവയ‌്പ‌് വ്യാപകമാണെന്നാണ് ആരോപണം.  കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ്   പുറത്തുവന്നതിന് തൊട്ടുപിന്നാലെ കസ്റ്റംസിന്റെയും വിജിലൻസിന്റെയും വെബ്സൈറ്റുകളിലും നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശനനടപടിയുണ്ടാകുമെന്ന് അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.


പ്രധാന വാർത്തകൾ
Top