13 December Thursday

വിദ്യാര്‍ഥികള്‍ക്ക് യൂത്ത് ലീഗ് നേതാവിന്റെ ക്രൂര മര്‍ദ്ദനം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 26, 2018

ഒറ്റപ്പാലം >  യൂത്ത് ലീഗ് നേതാവിന്റെ വക വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം. ചുനങ്ങാട് മലപ്പുറം ട്യൂഷന്‍ ക്ലാസിലാണ് സംഭവം. ട്യൂഷന്‍ ക്ലാസില്‍ അതിക്രമിച്ചു കയറിയ യുവാവ് വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. പ്രദേശ വാസിയായ പെണ്‍കുട്ടിക്കു പ്രണയ ലേഖനം നല്‍കിയെന്നു ആരോപിച്ചായിരുന്നു മര്‍ദ്ദനം.

പത്താം ക്ലാസ് വിദ്യാര്‍ഥികളായ ചുനങ്ങാട് മലപ്പുറം യാറത്തിങ്കല്‍ മുസ്തഫ (14, കടമ്പൂര്‍ ഹൈസ്‌കൂള്‍), ചുനങ്ങാട് എവിഎം സ്‌കൂള്‍ വിദ്യാര്‍ഥികളായ കയ്യാലക്കല്‍ യൂനസ് (14), കയ്യാലക്കല്‍ സൈയ്തലി (14), പടിപുരയ്ക്കല്‍ ഷാഫി (14), ഏട്ടാം ക്ലാസ് വിദ്യാര്‍ഥി പുളിയ്ക്കല്‍ ഇല്യാസ് (13, ഒറ്റപ്പാലം എന്‍ എസ് എസ് കെ പിടി സ്‌കൂള്‍), എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചൊവാഴ്ച രാത്രി എട്ടോടെയായിരുന്നു അക്രമം. ട്യൂഷന്‍ ക്ലാസിനു സമീപത്തെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വീടിനു മുന്നിലെ പരവതാനിക്കടിയിലെ  ചെസ് ബോഡില്‍നിന്നും ലഭിച്ച പ്രണയ ലേഖനത്തിനു പിന്നില്‍ ഇവരാണെന്നു തെറ്റിധരിച്ചായിരുന്നു മര്‍ദ്ദനമെന്ന് പൊലീസ് പറഞ്ഞു.

ക്ലാസ് മുറിയിലെ ഷട്ടര്‍ താഴ്ത്തി വടികൊണ്ട് അടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഈ കുടുംബമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് യാതൊരു കാരണവുമില്ലാതെ കുട്ടികളെ അക്രമിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു.

കൈകളിലും അടിവയറ്റിലുമാണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. സംഭവത്തില്‍ ചുനങ്ങാട് മലപ്പുറം പുളിക്കല്‍ മുഹമ്മദ് സിയാദി (23)നെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അതിക്രമിച്ച് കയറിയതിനും വിദ്യാര്‍ഥികളെ അടിച്ചു പരിക്കേല്‍പ്പിച്ചതിനുമാണ് കേസ്.

 


പ്രധാന വാർത്തകൾ
Top