Top
23
Thursday, November 2017
About UsE-Paper

വിലക്കുറവിന്റെ മഹാമേളയുമായി സപ്ലൈകോ ഓണം-ബക്രീദ് ഫെയറിന് തുടക്കം

Sunday Aug 20, 2017
വെബ് ഡെസ്‌ക്‌

കൊച്ചി: സപ്ലൈകോയുടെ ഈ വര്‍ഷത്തെ ഓണം ബക്രീദ് ജില്ല ഫെയറിന് തുടക്കമായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചിരിക്കുന്ന ഫെയര്‍ കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. വിപണിയിലെ വില വര്‍ധനയുടെ ഇക്കാലത്ത് സപ്ലൈകോ ഫെയറുകള്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വസമാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാരുടെ സ്ഥാപനമാണിത്. വിലവര്‍ധന പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ലൈകോ നിര്‍ണ്ണായക പങ്കു വഹിക്കുന്നുണ്ട്. വന്‍കിട കച്ചവടക്കാര്‍ എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് അവശ്യ സാധനങ്ങള്‍ ശേഖരിക്കുകയും എന്നാല്‍ ഇത് സാധാരണക്കാരിലെത്താതിരിക്കുകയും ചെയ്തിരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടെ അവശ്യ സാധനങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സിയായ സപ്ലൈകോ ശേഖരിക്കുന്ന അവസ്ഥ വന്നു. ഭക്ഷണം ജനങ്ങളുടെ അവകാശമായി മാറി.

അര്‍ഹതപ്പെട്ടവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയും നിലവില്‍ വന്നു. ഇക്കാലയളവില്‍ സപ്ലൈകോ വലിയ രീതിയില്‍ ജനവിശ്വാസമാര്‍ജ്ജിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു. സപ്ലൈകോയുടെ ഗോഡൗണുകളുടെ കാര്യത്തില്‍ ഉദാര സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. കാര്‍ഷിക മേഖലയിലേക്ക് വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന കര്‍ഷകമിത്രം പരിപാടിക്ക് ഉടന്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഒരു ലക്ഷം കറിവേപ്പില തൈകള്‍ വിതരണം ചെയ്യും. സെപ്തംബര്‍ 11 ന് പതിനായിരം കറിവേപ്പില തൈകള്‍ വിതരണം ചെയ്തു കൊണ്ട് പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിലെ എല്ലാ താലൂക്കുകളിലും സപ്ലൈകോ ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. അവശ്യസാധനങ്ങളായ മുളക്, മല്ലി, പയര്‍, കടല, പരിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയില്‍ ഫെയറുകളില്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ വാങ്ങാം. ഓഗസ്റ്റ് 20 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്കായി പ്രത്യേക സമ്മാന പദ്ധതിയും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍.എന്‍. സതീഷ് പറഞ്ഞു. 2000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ ലഭിക്കും. ഇതില്‍ രണ്ട് ശബരി ഉത്പന്നങ്ങളും ഉണ്ടാകണം. കൂപ്പണ്‍ പൂരിപ്പിച്ച് സപ്ലൈകോ ഫെയറിലുള്ള പെട്ടിയില്‍ നിക്ഷേപിക്കണം. ഇവരില്‍ നിന്ന് നറുക്കടെുക്കുന്നവര്‍ക്ക് ജില്ലാതലത്തില്‍ ഒരു പവനും സംസ്ഥാന തലത്തില്‍ അഞ്ചു പവനും സമ്മാനമായി ലഭിക്കും.

കര്‍ഷകില്‍ നിന്നു വിഎഫ്പിസികെ സംഭരിച്ച നാടന്‍ പച്ചക്കറികളുടെ സ്റ്റാളും ഫെയറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ശീതകാല പച്ചക്കറികളായ ക്യാരറ്റ്, ഉരുളക്കിഴങ്ങ് തുടങ്ങിയ പച്ചക്കറികളും സ്റ്റാളുകളില്‍ ലഭിക്കും. ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ വില്‍പ്പന കെ.വി. തോമസ് എംപി നിര്‍വഹിച്ചു. ആദ്യ വില്‍പ്പനയുടെ ഉദ്ഘാടനം ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. 

പി.ടി. തോമസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബൈബി ഈഡന്‍ എംഎല്‍എ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, സപ്ലൈകോ മാര്‍ക്കറ്റിംഗ് മാനേജര്‍ ആര്‍.എന്‍. സതീഷ്, റീജ്യണല്‍ മാനേജര്‍ ബെന്നി ജോസഫ്, സപ്ലൈകോ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.