25 June Monday
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കും

വയോജനങ്ങള്‍ക്ക് ബസുകളിലെ സീറ്റുകളില്‍ 20% സംവരണം കര്‍ശനമായി നടപ്പാക്കും: നിയമസഭ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

കാക്കനാട് > വയോജനങ്ങള്‍ക്ക് അന്തസോടെ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഉറപ്പാക്കുമെന്ന് മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി ചെയര്‍മാന്‍ സി.കെ. നാണു എംഎല്‍എ. കാക്കനാട് കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ബസുകളില്‍ സംവരണം ചെയ്തിട്ടുള്ള 20% സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആര്‍ടിഒ, പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധനകള്‍ നടത്താന്‍ സമിതി നിര്‍ദേശം നല്‍കി. സമിതി അംഗങ്ങളും ഇക്കാര്യം പരിശോധിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് ക്യൂ നില്‍ക്കാതെ ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമൊരുക്കാന്‍ സമിതി ഡിഎംഒയ്ക്ക് നിര്‍ദേശം നല്‍കി. മുതിര്‍ന്ന പൗരന്മാര്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണം. പ്രത്യേക ഇരിപ്പിടമടക്കം ചികിത്സയ്ക്ക് സൗകര്യമൊരുക്കണം. വീല്‍ചെയര്‍ സൗകര്യം ഉറപ്പാക്കണം. കിടത്തി ചികിത്സയ്ക്ക് സൗകര്യമൊരുക്കണം. മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും സമിതി നിര്‍ദേശം നല്‍കി.

മുതിര്‍ന്ന പൗരന്മാരുടെ കഴിവുകള്‍ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുമെന്ന് അയ്യപ്പന്‍കാവ് പകല്‍വീട് പ്രസിഡന്റ് ഡോ. രാധാകൃഷ്ണന്‍ നായര്‍ ഉന്നയിച്ച പരാതിക്ക് സമിതി മറുപടി നല്‍കി. കൂടാതെ പകല്‍വീട് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സ്ഥാപിച്ചു കിട്ടുന്നതിന് സത്വര നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടറെ ചുമതലപ്പെടുത്തി. 28 പഞ്ചായത്തുകളില്‍ ഈ വര്‍ഷം പകല്‍വീടുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കുടുംബശ്രീ സമിതിയെ അറിയിച്ചു. പറവൂര്‍ സീനിയര്‍ സിറ്റിസണ്‍സ് ക്ലബ്ബ് സമര്‍പ്പിച്ച നിവേദനത്തിനു മറുപടിയായാണ് കുടുംബശ്രീ ഇക്കാര്യമറിയിച്ചത്. വയോജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള പൈലറ്റ് പ്രൊജക്ട് ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വയോജന അയല്‍ക്കൂട്ടങ്ങള്‍ മുളന്തുരുത്തി, എടയ്ക്കാട്ടുവയല്‍ എന്നീ പഞ്ചായത്തുകളില്‍ നടത്തിവരുന്നു. 110 വീതം അംഗങ്ങളാണ് ഈ അയല്‍ക്കൂട്ടങ്ങളിലുള്ളത്. വയോജനങ്ങള്‍ക്കായി ഫിസിയോതെറാപ്പി, പഠന, വിനോദ യാത്രകള്‍ എന്നിവയ്ക്കായും പദ്ധതി തയാറാക്കിവരികയാണ്. എല്ലാ പഞ്ചായത്തുകളിലും വയോജന അയല്‍ക്കൂട്ടങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ഏഴ് പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കുള്ള പരിശീലനം അടുത്തയാഴ്ച മുതലാരംഭിക്കുമെന്നും കുടുംബശ്രീ കോഓര്‍ഡിനേറ്റര്‍ ടാനി തോമസ് അറിയിച്ചു.

വയോജന സംരക്ഷണത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ സമിതിയെ അറിയിച്ചു. വയോജനനയം സംബന്ധിച്ച് പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ്, വയോജന പെന്‍ഷന്‍ അപേക്ഷ പഞ്ചായത്തുകളില്‍ സ്വീകരിക്കല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇന്‍ഷുറന്‍സ്, വയോജനങ്ങള്‍ക്കായുള്ള ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം, പൂത്തോട്ട സിഎച്ച്സിയുടെ ശോച്യാവസ്ഥ തുടങ്ങിയ വിവിധ പരാതികളാണ് സമിതിക്കു മുന്നിലെത്തിയത്. 27 പുതിയ പരാതികളാണ് ഇന്ന് സമിതിക്കു മുന്നിലെത്തിയത്. ആമ്പല്ലൂര്‍ ഇലക്ട്രോണിക്സ് പാര്‍ക്കിനായി സ്ഥലമേറ്റെടുത്തതുമായി ബന്ധപ്പെട്ട് വയോജനങ്ങളടക്കമുള്ളവര്‍ക്ക് നഷ്ടപരിഹാര തുക ലഭ്യമാക്കാന്‍ സര്‍ക്കാരിനോട് സമിതി ശുപാര്‍ശ ചെയ്യും. സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ പരാതികള്‍ സമര്‍പ്പിച്ചു.

സിറ്റിംഗിനു ശേഷം തേവര സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ സമിതി സന്ദര്‍ശനം നടത്തി. 1997 ല്‍ സ്ഥാപിച്ച സദനത്തില്‍ 32 അന്തേവാസികളാണുള്ളത്. ഇതില്‍ 11 പേര്‍ പുരുഷന്മാരാണ്. സ്ഥാപനത്തിലെ താമസം, ഭക്ഷണം, മരുന്നുകള്‍ എന്നിവയില്‍ പൂര്‍ണ്ണ തൃപ്തരാണെന്ന് അന്തേവാസികള്‍ സമിതിയെ അറിയിച്ചു. 100 പേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള ഇവിടെ കൂടുതല്‍ പേരെ താമസിപ്പിക്കണമെന്ന് സമിതി അധ്യക്ഷന്‍ സി.കെ. നാണു എംഎല്‍എ വൃദ്ധസദനം സൂപ്രണ്ട് സാമുവല്‍ മൈക്കലിന് നിര്‍ദേശം നല്‍കി. സമിതി അംഗങ്ങള്‍ എംഎല്‍എമാരായ പി. അബ്ദുള്‍ ഹമീദ്, പ്രൊഫ. കെ.യു. അരുണന്‍, ആര്‍. രാമചന്ദ്രന്‍, അണ്ടര്‍ സെക്രട്ടറി ശ്യാംകുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top