20 June Wednesday

ഓഖി കൂടുതല്‍ സഹായം അനുവദിക്കണം: മേഴ്സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Thursday Dec 28, 2017


ന്യൂഡല്‍ഹി > ഓഖി അടിയന്തര ദുരിതാശ്വാസം വര്‍ധിപ്പിക്കണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 133 കോടിയുടെ സഹായം അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം അനുവദിക്കണമെന്നും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ ആവശ്യമുന്നയിച്ചു. അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ജെ മേഴ്സിക്കുട്ടിഅമ്മ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അറിയിച്ചു.

കാണാതായവരുടെ എണ്ണം 143 ആണെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും തെറ്റിദ്ധാരണ ഉണ്ടാക്കരുതെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക അന്വേഷണറിപ്പോര്‍ട്ട് പ്രകാരം ഫൈബര്‍ബോട്ടുകളില്‍നിന്ന് 95 പേരെയും യന്ത്രവല്‍ക്കൃതയാനങ്ങളില്‍നിന്ന് 31 പേരെയുമാണ് കാണാതായത്. തിരുവനന്തപുരത്ത് കാണാതായ 17 പേരെ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 143 പേരെയാണ് കാണാതായത്. മരിച്ച 27 പേരെ തിരിച്ചറിഞ്ഞു. 25 പേര്‍ തിരുവനന്തപുരം ജില്ലയില്‍നിന്നും ഓരോ ആളുകള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമാണ്. 37 മൃതദേഹം തിരിച്ചറിയാനുണ്ട്. തിരുവനന്തപുരം- അഞ്ച്, കൊല്ലം- ഒന്ന്, എറണാകുളം- ആറ്, തൃശൂര്‍- ഒന്ന്, മലപ്പുറം- മൂന്ന്, കോഴിക്കോട്- 17, കണ്ണൂര്‍- മൂന്ന്, കാസര്‍കോട്- ഒന്ന് എന്നിങ്ങനെയാണ് തിരിച്ചറിയാനുള്ള മൃതദേഹങ്ങളുടെ എണ്ണം. 1116 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

പ്രധാന വാർത്തകൾ
Top