17 October Wednesday

ദുരന്ത നിവാരണത്തിന് മത്സ്യത്തൊഴിലാളികളില്‍ നിന്ന് 200 പേരുടെ പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും; ലക്ഷദ്വീപിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 6, 2017

തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തും കടലിലും ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടാന്‍ മത്സ്യത്തൊഴിലാളികളില്‍ നിന്നും 200 പേരെ പ്രത്യേകമായി റിക്രൂട്ട് ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കടലില്‍ അപകടത്തില്‍പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഈ നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി പുനഃസംഘടിപ്പിക്കുകയും എസ്.ഡി.ആര്‍.എഫ് രൂപീകരിക്കുകയും സംസ്ഥാനതല എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തിരുവനന്തപുരത്തും, മേഖലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ എറണാകുളത്തും സ്ഥാപിക്കുന്നതിനും മറ്റ് ജില്ലകളില്‍ ജില്ലാതലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് ഫിഷറീസ്, പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ്ഗാര്‍ഡ്, വ്യോമ, നാവിക സേനകളുടെ സേവനം ലഭ്യമാക്കാനും നടപടി സ്വീകരിക്കും.

തീരദേശ പോലീസ് സേനയില്‍ ആവശ്യമായ റിക്രൂട്ട്മെന്റ് നടത്തുകയും ആധുനിക സജ്ജീകരണങ്ങളോടെ നവീകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. അതോടൊപ്പം കേരളത്തിലെ വിഴിഞ്ഞം, നീണ്ടകര, കൊച്ചി, പൊന്നാനി, അഴീക്കല്‍ തുറമുഖങ്ങളോട് ചേര്‍ന്ന് പ്രത്യേക പോലീസ് സംവിധാനം ആരംഭിക്കുന്നതിന് തീരുമാനിച്ചു. മത്സ്യബന്ധനത്തിനിടയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നവരെ തിരിച്ചെത്തിക്കാനാവശ്യമായ സഹായം നല്‍കും.കേരളത്തിന്റെ ഭാഗമെന്ന പോലെ നിലകൊള്ളുന്ന ലക്ഷദ്വീപില്‍ മെഡിക്കല്‍ ടീമിനെ അയക്കാനും, മറ്റ് സ്ഥലങ്ങളില്‍ അകപ്പെട്ട മത്സ്യതൊഴിലാളികളെ തിരികെ കൊണ്ടുവരുന്ന  പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു.

ഓഖി ദുരന്തത്തില്‍ കാണാതായ അവസാന മത്സ്യതൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ കോസ്റ്റ്ഗാര്‍ഡ്, നാവിക, വ്യോമ സേനകളോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടും. ഈ തിരച്ചലില്‍ മത്സ്യതൊഴിലാളികളെയും ഉള്‍പ്പെടുത്തിയത് തുടരാന്‍ കേന്ദ്രസേനകളോട് ആവശ്യപ്പെടും.സംസ്ഥാനത്തെ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഫിഷറീസ്, റവന്യൂ-ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ആഭ്യന്തര വകുപ്പുകളെ ചുമതലപ്പെടുത്തി.നിരവധി പേരുടെ മരണത്തിനും നാശനഷ്ടത്തിനും ഇടയാക്കിയ അസാധാരണവും മുമ്പൊന്നും ഉണ്ടായിട്ടില്ലാത്തതുമായ ദുരന്തമായതിനാല്‍ ദേശീയ ദുരന്തമായി കണക്കാക്കി ദീര്‍ഘകാല പുനര്‍ നിര്‍മ്മാണ പദ്ധതിക്കാവശ്യമായ ഫണ്ട് (സ്പെഷ്യല്‍ പാക്കേജ്) ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും.

ഈ ദുരന്തത്തോടനുബന്ധിച്ച് ഉണ്ടായ കൃഷിനാശം, വീട് നഷ്ടപ്പെടല്‍, ചികിത്സ ചെലവ് എന്നിവയ്ക്കും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കും ഉചിതമായ സാമ്പത്തികസഹായം ലഭ്യമാക്കും. കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് യഥാസമയം വിവരം ലഭ്യമാക്കാന്‍ ശാസ്ത്രീയമായ സംവിധാനം രാജ്യത്തുണ്ടാക്കണമെന്ന കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമായി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ താഴെ പറയുന്നവരുള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
രമണ്‍ ശ്രീവാസ്തവ (ഡി.ജി.പി റിട്ടേയ്ഡ്), അഡീഷണല്‍ ചീഫ് സെക്രട്ടറി, ആഭ്യന്തരം, അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ, പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഫിഷറീസ്, ഡോ. അഭിലാഷ്, അസി: പ്രൊഫസര്‍, കാലാവസ്ഥാ നിരീക്ഷണ വകുപ്പ്, കുസാറ്റ് മെമ്പര്‍ സെക്രട്ടറി, സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി എന്നിവരാണ് സമിതി അംഗങ്ങള്‍.  ദുരന്തം സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചത് മുതല്‍ കോസ്റ്റ് ഗാര്‍ഡും നേവിയും മറ്റ് വിഭാഗങ്ങളും സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്. ദുരന്തം നേരിടാന്‍ കേരളത്തെ സഹായിച്ച പ്രതിരോധസംവിധാനങ്ങളോട് നന്ദി അറിയിക്കുന്നു.

ഈ അവസരത്തില്‍ കേരളത്തിന്റെ ദു:ഖത്തിനോടൊപ്പം നില്‍ക്കുകയും ആശ്വാസം പകരുകയും ചെയ്ത കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമനും , അല്‍ഫോണ്‍സ് കണ്ണന്താനത്തിനും  കേരളത്തിന്റെ നന്ദി അറിയിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  ബഹുഭൂരിപക്ഷം മാധ്യമങ്ങളും ദുരന്തം നേരിടാന്‍ സര്‍ക്കാരിന് ഒപ്പം നിന്ന് പ്രവര്‍ത്തിച്ചതായാണ് കാണുന്നത്. എന്നാല്‍ ചില മാധ്യമങ്ങള്‍ സ്വീകരിച്ച നടപടി കേരളത്തിന്റെ പൊതുവികാരത്തിന് എതിരായിരുന്നോ എന്ന് ആത്മപരിശോധന അവര്‍ നടത്തുന്നത് നല്ലതായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top