19 October Friday

ഓഖി: 71 ബോട്ട് തെരച്ചില്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Dec 19, 2017

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റില്‍ കടലില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായി 71 ബോട്ട് തിങ്കളാഴ്ച രാത്രി മുതല്‍ പ്രത്യേക തെരച്ചില്‍ തുടങ്ങി. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ബോട്ടുകളാണ് തെരച്ചില്‍ ആരംഭിച്ചത്.

ഫിഷറീസ് വകുപ്പിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെന്‍ട്രല്‍ ഫിഷറീസ് ടെക്നോളജിയുടെയും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെയും പ്രത്യേക ബോട്ടുകള്‍ തെരച്ചില്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട മന്ത്രിമാരുടെയും മത്സ്യത്തൊഴിലാളി സംഘടനകള്‍, ബോട്ട് ഓണേഴ്സ് അസോസിയേഷന്‍, ലത്തീന്‍ സമുദായ പ്രതിനിധികള്‍ എന്നിവരുടെയും യോഗത്തിലാണ് തെരച്ചിലിനായി 200 ബോട്ട് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.ആദ്യഘട്ടമായാണ് 71 ബോട്ട് പുറപ്പെട്ടത്.

കടലിലെ ഒഴുക്കിന് മാറ്റംവന്നതിന്റെ അടിസ്ഥാനത്തില്‍ ഗോവന്‍ തീരംവരെ കടലില്‍ വ്യാപക തെരച്ചില്‍ നടത്തും. ചൊവ്വാഴ്ച മുതല്‍ കൂടുതല്‍ ബോട്ടുകള്‍ പങ്കെടുക്കും. കൊല്ലത്തുനിന്ന് 25 ബോട്ടും എറണാകുളത്തുനിന്ന് 31 ബോട്ടും കോഴിക്കോട്ടുനിന്ന് 15 ബോട്ടും കടലിലേക്ക് പോയി. അതത് കലക്ടര്‍മാര്‍ ബോട്ടുകള്‍ ഫ്ളാഗ്ഓഫ് ചെയ്തു. ബോട്ടുകള്‍ക്ക് ആവശ്യമായ ഡീസലും തൊഴിലാളികളുടെ ചെലവും സര്‍ക്കാരാണ് വഹിക്കുന്നത്.

സഹായപ്രവാഹം

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസനിധിയിലേക്ക് കെഎസ്ഇബി ജീവനക്കാരുടെ വക ആദ്യഗഡു ആറു കോടി രൂപയുടെ ചെക്ക് വൈദ്യുതിമന്ത്രി എം എം മണി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

ഇതോടൊപ്പം കേരള സ്റ്റേറ്റ് പവര്‍ ഫിനാന്‍സ് കോര്‍പറേഷന്റെ വക 50 ലക്ഷവും വൈദ്യുതിമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ശേഖരിച്ച 1,03,500 രൂപയുടെ ചെക്കും മന്ത്രി കൈമാറി. ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ 1,17,063 രൂപയും കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി 41,51,630 രൂപയും മാര്‍ത്തോമ ചര്‍ച്ച് എഡ്യൂക്കേഷണല്‍ സൊസൈറ്റിക്കുവേണ്ടി റവ. ഫാദര്‍ ജോസഫ് മാര്‍ ബര്‍ണബാസ് അഞ്ച് ലക്ഷം രൂപയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍സ് അഞ്ച് ലക്ഷവും തലോര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഞ്ച് ലക്ഷവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൌണ്ട്സ് ഓഫ് ഇന്ത്യ എറണാകുളം ബ്രാഞ്ച് നാല് ലക്ഷവും തിരുവനന്തപുരം സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഒരു ലക്ഷവും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരു ലക്ഷം രൂപയും ചെന്നൈ മലയാള വിദ്യാലയം ഹൈസ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും 10,000 രൂപയും സംഭാവന നല്‍കി.

സെക്രട്ടറിയറ്റ് ക്യാന്റീന്‍ മാനേജരുടെ ചുമതലക്കാരനായ സെക്രട്ടറിയറ്റ് ജീവനക്കാരന്‍ ബി സതീഷ്കുമാര്‍ മകളുടെ വിവാഹവേദിയില്‍വച്ച് 10,000 രൂപ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് മുഖ്യമന്ത്രിക്ക് കൈമാറി.

ഒറ്റപ്പാലം ചേറ്റൂര്‍ ശങ്കരന്‍നായര്‍ സ്മാരക കള്‍ച്ചറല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ കെ പി എസ് മേനോന്‍ അവാര്‍ഡ് ജേതാവും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന സുരക്ഷാ ഉപദേഷ്ടാവുമായ കെ വിജയകുമാര്‍ അവാര്‍ഡ് തുക 50,000 രൂപ മന്ത്രി എ കെ ബാലന്‍ മുഖേന ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

നായര്‍ സര്‍വീസ് സൊസൈറ്റി ഹെഡ് ഓഫീസ് സ്റ്റാഫ് അംഗങ്ങള്‍ 1,37,100 രൂപയും ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍ 25 ലക്ഷം രൂപയും കേരള ഗവ. നേഴ്സസ് അസോസിയേഷന്‍, ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്റര്‍ ഒരു ലക്ഷം വീതവും എറണാകുളം കരയോഗം റസിഡന്‍സ് അസോസിയേഷന്‍ 55,555 രൂപയും നെടുമങ്ങാട് ആനന്ദ് ഫാര്‍മേഴ്സ് സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതിയും ജീവനക്കാരും ഒരു ദിവസത്തെ ശമ്പളവും പൊതുനന്മ ഫണ്ടും ഉള്‍പ്പെടെ 1.25 ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

പ്രധാന വാർത്തകൾ
Top