20 November Tuesday

സ്വന്തം മണ്ഡലത്തില്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് ഫണ്ട് എത്രകിട്ടിയെന്ന് അറിയണം; ഇടവേളയ്ക്കുശേഷം സഭയില്‍ മണ്ടന്‍ചോദ്യങ്ങളുമായി ഒ രാജഗോപാല്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 11, 2018

തിരുവനന്തപുരം >  ബിജെപിയുടെ നിയമസഭയിലെ ഏകഅംഗമായ ഒ രാജഗോപാല്‍ സഭയില്‍ എന്ത് ചോദിച്ചാലും അത് വാര്‍ത്തയാകാറുണ്ട്. രാജഗോപാലിന്റെ ചോദ്യങ്ങളും അതിന് കിട്ടുന്ന ഉത്തരങ്ങളും എക്കാലവും ചിരിപടര്‍ത്താറുണ്ട്. ഒരിടവേളയ്ക്കുശേഷം വീണ്ടും സഭയില്‍ തന്റെ പതിവ് ആവര്‍ത്തിച്ചിരിക്കുകയാണ് രാജഗോപാല്‍.

നേമം മണ്ഡലത്തില്‍ സാംസ്‌‌കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അവയ്ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എ കെ ബാലനോടായിരുന്നു ചോദ്യം ഉന്നയിച്ചത്. എന്നാല്‍ നേമത്ത് സാംസ്‌കാരികവകുപ്പിന് കീഴില്‍ യാതൊരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.



സ്വന്തം മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉണ്ടെന്നുപോലും അറിയാത്ത ആളാണോ ഒ രാജഗോപാല്‍ എംഎല്‍എ എന്ന് ചോദ്യംഉയരുന്നുണ്ട്. നേമത്തെ ജനങ്ങളെ രാജഗോപാല്‍ ഇങ്ങനെ നാണംകെടുത്തരുതെന്നും ജനങ്ങള്‍ക്ക് ഉപകാരമുള്ള വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും ചെയ്യണമെന്നും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി പറഞ്ഞു.

മണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച് ഒ രാജഗോപാല്‍ മന്ത്രിമാരുടെ കൊട്ട് വാങ്ങുന്നത് ഇപ്പോള്‍ പുതിയ കാര്യമല്ല.
ലാവലില്‍ കേസിനെപ്പറ്റിയും ന്യൂനപക്ഷ സമുദായത്തിലെ വിധവകളെക്കുറിച്ചും സഹകരണമേഖലയുടെ ഫണ്ടിനെക്കുറിച്ചും മുന്‍പ് ഇത്തരം ചോദ്യങ്ങള്‍ ഇദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

ഏതായാലും ഇത്തവണയും സോഷ്യല്‍ മീഡിയ രാജഗോപാലിനെ വിടുന്ന മട്ടില്ല. രാജഗോപാലിന്റെ നിയമസഭാ പ്രവര്‍ത്തനം വമ്പന്‍ പരാജയമാണെന്ന് ബിജെപിക്കുള്ളില്‍ നിന്നുതന്നെ വിമര്‍ശനം ഉയരുന്നതിനിടയിലാണ് പുതിയ മണ്ടന്‍ ചോദ്യവൂമായി അദ്ദേഹം സോഷ്യല്‍ മീഡിയ ട്രോളര്‍മാര്‍ക്ക് ഇന്ധനം പകരുന്നത്.

ഒ രാജപാല്‍ മുന്‍പ് ഉന്നയിച്ച ചോദ്യങ്ങള്‍ 

പ്രധാന വാർത്തകൾ
Top