15 October Monday

അപകീര്‍ത്തി പരാമര്‍ശം: പി സി ജോര്‍ജിനെതിരെ കന്യാസ്‌ത്രീ പരാതി നല്‍കി

സ്വന്തം ലേഖകൻUpdated: Tuesday Sep 25, 2018

കോട്ടയം > കന്യാസ്ത്രീയെ അധിക്ഷേപിച്ച് പരാമർശം നടത്തിയ പി സി ജോർജ് എംഎൽഎയ്‌‌ക്ക് എതിരെ കന്യാസ്ത്രീ പരാതി നല്‍കി. ജില്ലാ പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച പരാതി അന്വേഷണത്തിനായി വൈക്കം ഡിവൈഎസ്‌‌പി കെ സുഭാഷിന് കൈമാറി. കോട്ടയം പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പി സി ജോർജ് കന്യാസ്‌‌ത്രീയ്‌‌‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. സംഭവം വിവാദമായതിനെതുടർന്ന് ഈ പരാമർശം ജോർജ് പിൻവലിച്ചിരുന്നു.

കേസിലെ ഇരയായ കന്യാസ്‌‌‌ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനു വേണ്ടി ഒരാഴ്‌‌ചയ്ക്കുള്ളിൽ പൊലീസിനു മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മിഷനറീസ് ഓഫ് ജീസസ് പിആർഒ സിസ്റ്റർ അമലയ്‌‌‌ക്ക് പൊലീസ് നോട്ടീസ് അയച്ചു. മിഷനറീസ് ഓഫ് ജീസസിന്റെ പേരിൽ മാധ്യമങ്ങൾക്ക് നൽകിയ പത്രക്കുറിപ്പിലൂടെയായിരുന്നു ഇരയുടെ ചിത്രം പ്രചരിപ്പിച്ചത്. ഇതിനെതിരെ കന്യാസ്‌‌ത്രീയുടെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയിരുന്നത്.

കന്യാസ്‌‌ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ ജലന്ധർ രൂപതയിലെ വൈദികന്റെ സഹോദരനെതിരെയും അന്വേഷണസംഘം കേസെടുത്തു. കുറവിലങ്ങാട് സന്യാസിനീമഠത്തിലെ ജീവനക്കാരനാണ് വധശ്രമമുണ്ടൊയെന്ന് നേരത്തെ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കന്യാസ്ത്രീ നൽകിയ പരാതിയിന്മേലാണ് ഫാ. ലോറൻസ് ചാട്ടുപറമ്പിലിന്റെ സഹോദരനെതിരെ കേസെടുത്തത്. കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ജലന്ധറിലെത്തി കൂടുതൽ തെളിവും മൊഴികളും ശേഖരിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബിഷപ്പിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷമെ അന്വേഷണസംഘം ജലന്ധറിലേയ്ക്ക് പോകൂവെന്നാണ് അറിയുന്നത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top