15 December Saturday

കടന്നുപോകുന്നത് ചെറുത്തുനിൽപ്പിനുള്ള അവസാന മണിക്കൂറുകൾ: എൻ എസ് മാധവൻ

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018


കൊച്ചി > വർധിച്ചുകൊണ്ടിരിക്കുന്ന വംശവെറിയുടെ കാലത്ത്  ചെറുത്തുനിൽപ്പിനുള്ള അവസാന മണിക്കൂറുകളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് സാഹിത്യകാരൻ എൻ എസ് മാധവൻ. അസ്തമയത്തിന് മുമ്പുള്ള സുവർണകാലമാണിത്. 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആശയങ്ങൾക്കെതിരായുള്ള പോരാട്ടം ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിച്ചിരിക്കുന്നു.

വിവരസാങ്കേതികത ഉപയോഗിച്ചും ആൾക്കൂട്ടത്തെ ഉപയോഗിച്ചും ആശയങ്ങളെ നേരിടുന്നു. ജവാഹർലാൽ നെഹ്റു സ്വാതന്ത്ര്യാനന്തരം രാമായണ റീടോൾഡ്’എന്ന പുസ്തകം നിരോധിച്ചു. അതേസമയം ഇന്ന് ഭരണകൂടങ്ങളല്ല നിരോധങ്ങൾ ഏർപ്പെടുത്തുന്നത്; ആൾക്കൂട്ടങ്ങളാണ്. ആൾക്കൂട്ടത്തിന്റെ വെറിയെ സർക്കാർ പിന്താങ്ങുന്നു.’'ദിഹിന്ദൂസ്: ആൻ ഓൾട്ടർനേറ്റീവ് ഹിസ്റ്ററി'യും, 'ശിവാജി: ഹിന്ദു കിങ് ഇൻ ഇസ്ലാമിക് ഇന്ത്യ'’യും ഭരണകൂടങ്ങൾ നിരോധിച്ചില്ലെന്നോർക്കണം. അത് സ്വയം പിൻവലിക്കേണ്ട അവസ്ഥ വരികയായിരുന്നു. പെരുമാൾ മുരുകനെ നിശബ്ദനാക്കാൻ വന്നതും ജാതി യാഥാസ്ഥിതികരായിരുന്നു; ഭരണകൂടമല്ല. ഭരണഘടന അപകടത്തിലാണെന്ന പ്രചാരണം ശക്തമാണ്.

ഭരണകൂടങ്ങളുടെ അടിച്ചമർത്തലുകൾക്കെതിരെ എഴുത്തുകാർ തുറന്ന് പ്രതിഷേധിക്കുന്ന പ്രവണത ലോകത്തെവിടെയുമില്ല. അടിയന്താരവസ്ഥയ്ക്കെതിരെ അക്കാലത്ത് ആരാണ് മിണ്ടിയത്. ഇന്ത്യയിൽ മൊത്തം നോക്കിയാൽ ഒരു ഫണീശ്വര നാഥ് രേണുവും സത്യവ്രത സിൻഹയും മാത്രമുണ്ടായി. രേണു പത്മശ്രീ തിരിച്ചുകൊടുത്ത് ജയിലിൽപ്പോയി. മലയാളത്തിൽ ഒരു എം കൃഷ്ണൻകുട്ടി മാത്രമുണ്ടായി.‘ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർ ബഹുമതികളാൽ മൂടപ്പെടും.മതേതരത്വത്തിന് ഒരു അർഥമേയുള്ളു. ഭരണത്തിൽനിന്ന്  മതത്തെ മറ്റിനിർത്തുകയെന്നതാണത്. പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽനിന്ന്. ഭരണത്തിന് ചെലവ് നിർണയിക്കുന്നത് കരം നൽകുന്നവരാണ്. അവർ എല്ലാ ജാതിയിലും പെടുന്നവരാണ്. ഇതാണ് മതേതരത്വത്തിന്റെ അർഥം. വ്യക്തിപരമായോ സാമൂഹികമായോ മതവിശ്വാസമാകാം.

മധുവിന്റെ കൊലപാതകം ആദ്യത്തേതല്ലെന്നും കേരളീയസമൂഹം ഒട്ടേറെ മധുമാരെ ഇതുപോലെ അടിച്ചും തല്ലിയും കൊന്നിട്ടുണ്ടെന്നും കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൊച്ചരേത്തിയുടെ രചയിതാവായ ആദിവാസി എഴുത്തുകാരൻ നാരായൻ. ഞങ്ങൾ ആദിവാസികൾ പരിഷ്കൃതരെന്ന് സ്വയം പറയുന്നവർക്ക് ചവിട്ടിയും കുത്തിയും കൊല്ലാനുള്ള വിഭവംതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.ആദിവാസികളുടെ ഭൂമി ആർക്കും നേടിയെടുക്കാൻ കഴിയും, കാരണം ആദിവാസിക്ക് ഒരു രേഖയും കാണിക്കാനില്ല. അവരെ ആട്ടിയോടിക്കാൻ ശക്തരായവരാണ് നിങ്ങളെല്ലാം. ആദിവാസികളുടെ ജീവതം എഴുതാൻ ശ്രമിക്കുന്നവരോട് എനിക്കു പറയാനുള്ളത്, അവരുടെ ജീവിതം പഠിച്ചിട്ട് എഴുതുക എന്നാണ്.

ഒരു ഗോത്രസമൂഹത്തിന്റെ പൂർവാവസ്ഥകൾ മനസ്സിലാക്കിവേണം രചന നിർവഹിക്കാൻ. എഴുതിയ കൃതിയെ മുൻനിർത്തി ഒട്ടേറെ ആരോപണങ്ങൾ കേൾക്കേണ്ടിവന്ന ഹൻഡ് സ, ആദിവാസിസമൂഹത്തിൽ നിന്നുകൊണ്ട് എഴുതുന്നതിലെ ബുദ്ധിമുട്ടുകൾ വിവരിച്ചു.

പ്രധാന വാർത്തകൾ
Top