22 September Saturday

നിപാ ഉറവിടം : പഠന റിപ്പോർട്ട‌് ആറുമാസത്തിനകം

പി വിജയൻUpdated: Saturday Jun 9, 2018



കോഴിക്കോട‌്
കോഴിക്കോട്ട‌്  ഭീതി പരത്തിയ നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശാസ‌്ത്രജ്ഞരുടെ പഠന റിപ്പോർട്ട‌് ആറുമാസത്തിനകം.  ഇന്ത്യൻ കൗൺസിൽ  ഫോർ മെഡിക്കൽ റിസർച്ചിലെ (ഐസിഎംആർ) ശാസ‌്ത്രജ്ഞരാണ‌് റിപ്പോർട്ട‌് തയ്യാറാക്കുക. നിപാ പടർന്ന മറ്റു രാജ്യങ്ങളിൽ പഠന റിപ്പോർട്ട‌് തയ്യാറാക്കാൻ ഒരുവർഷത്തിലധികം സമയമെടുത്ത സാഹചര്യത്തിലാണ‌് കുറഞ്ഞ സമയത്തിൽ റിപ്പോർട്ട‌് പുറത്തുവരുന്നത‌്. 

അപൂർവമായുണ്ടാകുന്ന നിപാ വൈറസ‌് കോഴിക്കോട‌് എത്താനുണ്ടായ സാഹചര്യം വിശദമാക്കുന്നതാകും റിപ്പോർട്ട‌്. ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ റിപ്പോർട്ടിന്റെ ഉള്ളടക്കത്തിനുവേണ്ടി കാത്തിരിക്കുകയാണ‌്.

കേന്ദ്ര‐സംസ്ഥാന സർക്കാരുകളുടെ സംയുക്ത മേൽനോട്ടത്തിൽ ഐസിഎംആറിന്റെ  ചെന്നൈ ആസ്ഥാനമായ നാഷണൽ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഓഫ‌് എപ്പിഡമോളജിയിലെ ശാസ‌്ത്രജ്ഞരാണ‌് ഉറവിടം കണ്ടെത്താനുള്ള പഠനം തുടങ്ങിയത‌്.  അഞ്ചുപേരടങ്ങിയ സംഘത്തിലെ രണ്ടുപേർ പേരാമ്പ്ര പന്തിരിക്കരയിലും സമീപ പ്രദേശങ്ങളിലും സന്ദർശനം തുടരുന്നുണ്ട‌്. ഒരാഴ‌്ച കൂടി സംഘം ജില്ലയിലുണ്ടാകും. കേന്ദ്ര‐ സംസ്ഥാന ആരോഗ്യ വകുപ്പുകൾ, മൃഗസംരക്ഷണ വകുപ്പ‌്, എയിംസ‌്  എന്നിവയുടെ റിപ്പോർട്ടുകൾ ഐസിഎംആർ ശാസ‌്ത്രജ്ഞർക്ക‌് കൈമാറും. ഇതും ഐസിഎംആർ സ്വന്തം നിലയ‌്ക്ക‌് തയ്യാറാക്കിയ റിപ്പോർട്ടും വിശകലനം ചെയ‌്താണ‌് അന്തിമ റിപ്പോർട്ടിന‌് രൂപം നൽകുക. നിപായുടെ ഉറവിടം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾക്ക‌് കഴിഞ്ഞദിവസമാണ‌് തുടക്കമായത‌്. ആദ്യഘട്ടത്തിൽ തദ്ദേശവാസികളുമായി ആശയവിനിമയം നടത്തി വിവരങ്ങൾ ശേഖരിച്ചുവരികയാണ‌്. പ്രദേശത്തിന്റെ ഭൂമിശാസ‌്ത്ര പ്രത്യേകതയും ചരിത്രവും വിലയിരുത്തലാണ‌്  അടുത്തഘട്ടം.  പ്രദേശത്തെ വവ്വാൽ സാന്നിധ്യത്തെക്കുറിച്ച‌് പ്രത്യേക പഠനം  നടത്തും.

രോഗത്തിൽനിന്ന‌് രക്ഷപ്പെട്ട‌് ചികിത്സയിലുള്ള രണ്ടുപേരെയും സംഘം സന്ദർശിക്കും. ഇവരിൽനിന്ന‌് ആവശ്യമായ വിവരം ശേഖരിക്കുകയാണ‌് ലക്ഷ്യം. ആദ്യം മരിച്ച മുഹമ്മദ‌് സാബിത്തിന‌് രോഗം വരാനിടയായ സാഹചര്യം പരിശോധിക്കും. കൂടാതെ സാബിത്തിന്റെ യാത്രാരേഖകളും ഫോൺ വിളികളും പൊലീസ‌് സൈബർ സെല്ലും അന്വേഷിക്കുന്നുണ്ട‌്. സാബിത്തിന‌് രോഗം വന്നതിന്റെ ഉറവിടം കണ്ടെത്തുന്നതിൽ ഇതും സഹായകമാകുമെന്ന‌് ശാസ‌്ത്രജ്ഞർ പറഞ്ഞു. ഡോ. എ പി സുഗുണൻ, ഡോ. തരുൺ ഭട‌്നഗർ, ഡോ. പി മാണിക്കം, ഡോ. കരീഷ‌്മ കൃഷ‌്ണൻ, ഡോ. ആരതി രഞ‌്ജിത‌്  എന്നിവരങ്ങിയ ശാസ‌്ത്രജ്ഞരുടെ സംഘമാണ‌് കോഴിക്കോട്ടുള്ളത‌്.

സമ്പർക്കപ്പട്ടികയിലുള്ളവരുമായി ആശയവിനിമയത്തിനും സംഘം തീരുമാനിച്ചിട്ടുണ്ട‌്.  വൈറസിന്റെ ഉറവിടം കണ്ടെത്തലിന‌് അടിയന്തര പ്രാധാന്യമുള്ളതിനാൽ റിപ്പോർട്ട‌് തയാറാക്കൽ അനന്തമായി വൈകരുതെന്നാണ‌് വിലയിരുത്തൽ.  ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും സംഘം ചൂണ്ടിക്കാട്ടി.

പ്രധാന വാർത്തകൾ
Top