20 September Thursday
നേഴ‌്സ‌് ലിനിയുടെ ഭർത്താവ‌ിന‌് ഗവ.പിഎച്ച‌്സിയിൽ ക്ലർക്കായി നിയമനം

ലിനിയുടെ സ്വപ‌്നം സജീഷിലൂടെ സഫലം

സ്വന്തം ലേഖകൻUpdated: Tuesday Jul 24, 2018

കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പി സജീഷ്‌് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചപ്പോൾ

പേരാമ്പ്ര
ലിനിയെ ഓർത്ത‌്, സർക്കാരിന‌് നന്ദിപറഞ്ഞ‌് സജീഷ‌് ഒൗദ്യോഗിക ജീവിതത്തിലേക്ക‌്.  ആതുരസേവനത്തിൽ കണ്ണീരോർമയായ നേഴ‌്സ‌് ലിനിയുടെ ഓർമകൾക്ക‌് മുന്നിൽ കണ്ണീർ പൂക്കൾ അർപ്പിച്ചാണ‌് ഭർത്താവ‌് പി സജീഷ‌് ജോലിയിൽ പ്രവേശിച്ചത‌്. കൂത്താളി  പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ക്ലർക്കായി നിയമനം നൽകിയപ്പോൾ നിശ‌്ചയദാർഢ്യമുള്ള സർക്കാരിന്റെ ഒരുറപ്പുകൂടിയാണ‌് യാഥാർഥ്യമായത‌്.

തിങ്കളാഴ‌്ച രാവിലെ പത്തിന‌് നിയമന ഉത്തരവിന്റെയും സർട്ടിഫിക്കറ്റുകളുടെയും പരിശോധനക്ക‌് ശേഷം ഹാജർ പട്ടികയിൽ ഒപ്പുവച്ചു. സർക്കാർ ജോലി ലിനിയുടെ സ്വപ‌്നമായിരുന്നുവെന്ന‌് സജീഷ‌്  പറഞ്ഞു. അതിനായി പരിശ്രമിക്കുകയും ചെയ‌്തിരുന്നു. ജനറൽ നേഴ‌്സിങ്ങിനുശേഷം ബിഎസ‌്സി നേഴ‌്സിങ്ങും നല്ല മാർക്കോടെ വിജയിച്ചു.

സർക്കാർ ജോലിയിൽ പ്രവേശിക്കുമെന്ന‌് അവൾക്ക‌് ഉറപ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ജോലി കിട്ടിയത‌് എനിക്കാണ‌്, ഏറെ സങ്കടമുണ്ട‌് ലിനി ഒപ്പമില്ലാത്തതിൽ.  സംസ്ഥാന സർക്കാരിനോടും കൂടെ നിന്നവരോടും നന്ദിയുണ്ടെന്നും സജീഷ‌് പറഞ്ഞു. സജീഷിന‌് ആരോഗ്യ വകുപ്പിൽ ക്ലർക്കായി നിയമനം നൽകിയുള്ള ഉത്തരവ‌് കഴിഞ്ഞ തിങ്കളാഴ‌്ചയാണ‌് ഇറക്കിയത‌്.

പേരാമ്പ്ര താലൂക്കാശുപത്രിയിൽ നിപാ ബാധിതനായ സാബിത്തിനെ പരിചരിക്കുന്നതിനിടെയാണ‌് ലിനി രോഗബാധിതയായത‌്. മെയ‌് 20ന‌്  കോഴിക്കോട‌് മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ മരിച്ചു. ബികോം ബിരുദദാരിയായ സജീഷ‌് അപ്പോൾ ഗൾഫിലായിരുന്നു. മെയ‌് 23ന‌് ചേർന്ന മന്ത്രിസഭാ യോഗമാണ‌് സജീഷിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച‌് സർക്കാർ ജോലി നൽകാൻ തീരുമാനിച്ചത‌്. രണ്ടുമാസത്തിനുള്ളിൽ സജീഷിന‌് ജോലിയിൽ പ്രവേശിക്കാനായി.

അച്ഛൻ നാണു, ലിനിയുടെ അമ്മാവൻ കെ ബാലൻ, ബന്ധുക്കളായ രാജീവൻ, അനിൽ, അയൽവാസി ആവള ഹമീദ‌് എന്നിവർക്കൊപ്പമാണ‌്‌ സജീഷ‌് എത്തിയത‌്.

പ്രധാന വാർത്തകൾ
Top