14 November Wednesday

നിപാ പ്രതിരോധം: കേരളത്തിന‌് അന്താരാഷ‌്ട്ര ആദരം

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018


 ബാൾടിമോർ (യുഎസ‌്)> നിപാ പനിയെ പ്രതിരോധിക്കുന്നതിലും പിടിച്ചുകെട്ടുന്നതിലും ലോകത്തിനുതന്നെ മാതൃകയായ പ്രവർത്തനം നടത്തിയ കേരളത്തിലെ പിണറായി വിജയൻ സർക്കാരിന‌് ലോകപ്രശസ‌്ത ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം. അമേരിക്കയിലെ ബാൾടിമോറിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച‌്‌വി) ആദരിച്ചു. കേരളത്തിന്റെ ആരോഗ്യമേഖലയ‌്ക്ക‌് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിയാണിത‌്. ഹ്യൂമൻ വൈറോളജിയിൽ ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവർത്തനകേന്ദ്രമാണ് ബാൾടിമോർ ഐഎച്ച‌്‌വി.

1996ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട്  ആദ്യമായാണ‌് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത്. നിപാ പ്രതിരോധത്തിന് കേരളം സ്വീകരിച്ച ബഹുമുഖനടപടികൾ വിശകലനംചെയ്താണ് ഇൻസ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്രഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്രസംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. ആരോഗ്യമന്ത്രി കെ കെ ശൈലജയും പങ്കെടുത്തു.

ചടങ്ങിനുമുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചർച്ച നടത്തി. ഗവേഷണരംഗത്ത് കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്ത്  സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയെപ്പറ്റി വിശദ ചർച്ച നടത്തി. ഡോ. എം വി പിള്ള, ഡോ. ശാർങ‌്ഗധരൻ എന്നിവരും പങ്കെടുത്തു. സ്വീകരണച്ചടങ്ങിൽ ഡോ. റോബർട്ട് ഗെലോ, ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ എന്നിവരും സംസാരിച്ചു. മന്ത്രി കെ കെ ശൈലജയും സ്വീകരണത്തിന് നന്ദി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top