17 November Saturday
കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയുടെ നിലപാട‌് നിർണായകം

രാത്രിയാത്ര നിരോധനം: കേസ‌് 6 ന‌് സുപ്രീം കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018



കൽപ്പറ്റ

കോഴിക്കോട്‐കൊല്ലഗൽ ദേശീയപാതയിൽ ബന്ദിപ്പുർ വനമേഖലയിലെ രാത്രിയാത്രാ നിരോധനം നീക്കാൻ കേരളം സമർപ്പിച്ച സ്പെഷൽ ലീപ് പെറ്റീഷനിൽ സുപ്രീംകോടതി ആഗസ്ത് ആറിന് വീണ്ടും വാദം കേൾക്കും. നിരോധനം സംബന്ധിച്ച് റിപ്പോർട്ട‌് സമർപ്പിക്കാൻ സുപ്രീംകോടതി  നിയോഗിച്ച  ഉന്നതതലസമിതി അധ്യക്ഷൻ കേന്ദ്ര ഉപരിതല ഗതാഗത സെക്രട്ടറിയുടെ നിലപാട് കേസിൽ നിർണായകമാകും. നിരോധനം തുടരണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട‌്.

കേരളത്തിന്റെ താൽപര്യങ്ങൾ തീർത്തും അവഗണിച്ചാണ് നിരോധനം തുടരണമെന്ന് കർണാടകം  സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത‌്. രാത്രികാല വാഹനഗതാഗതവുമായി വന്യജീവികൾ പൊരുത്തപ്പെട്ടുവെന്നാണ‌് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സഞ്ജയ‌്കുമാർ തയാറാക്കിയ റിപ്പോർട്ടിൽ  പറയുന്നത‌്. ബന്ദിപ്പുർ വനപ്രദേശത്തെ  ഇവയുടെ ദീർഘകാല സംരക്ഷണത്തിന് ഗതാഗതനിയന്ത്രണം ആവശ്യമാണെന്നും  റിപ്പോർട്ടിലുണ്ട‌്.

ദേശീയപാതകളിൽ കടുവ സങ്കേതം പരിധിയിൽ രാത്രികാലങ്ങളിൽ വന്യജീവികൾ വാഹനങ്ങൾ തട്ടി ചാകുന്നത‌് ഒഴിവാക്കുന്നതിന‌് ടൈഗർ കൺസർവേഷൻ ആക‌്ഷൻ  പ്ലാനിലെ മാർഗനിർദേശങ്ങൾക്കനുസരിച്ചാണ് കർണാടക രാത്രിയാത്രാവിലക്ക് ഏർപ്പെടുത്തിയതെന്നാണ് ന്യായീകരണം. കേരളം, തമിഴ്നാട്, കർണാടക സർക്കാരുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട ഉന്നതതലസമിതി നിരവധി തവണ കേരളത്തിലും കർണാടകയിലുമായി സിറ്റിങ്  നടത്തിയിരുന്നു.

നിരോധനം സംസ്ഥാനത്തെ ദോഷകരമായി ബാധിച്ചതായി കേരളം സമിതിക്ക് റിപ്പോർട്ടും നൽകി. രാത്രിയാത്രാ നിരോധനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമായി ഭൂഗർഭ തുരങ്ക റെയിൽപാത നിർമിക്കുക,  വാഹനങ്ങൾക്കും വന്യമൃഗങ്ങൾക്കും കടന്നുപോകാനുതകുന്ന തരത്തിൽ ഫ്ളൈ ഓവറുകൾ, ബയോബ്രിഡ്ജുകൾ എന്നിവ നിർമിക്കുക, പാത നിർമിക്കുന്നത് വരെ താൽക്കാലിക സംവിധാനമെന്ന നിലയിൽ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ കോൺവോയ് അടിസ്ഥാനത്തിൽ  വേഗത നിയന്ത്രിച്ച് വാഹനങ്ങൾ കടത്തിവിടുക തുടങ്ങിയ ആവശ്യങ്ങളാണ് കേരളം ഉന്നയിച്ചത്.

2009 ജൂണിലാണ് ദേശീയപാതയിലെ ബന്ദിപ്പൂർ കടുവ സങ്കേതം പരിധിയിൽ രാത്രി ഒമ്പതിനും രാവിലെ ആറിനും ഇടയിൽ ഗതാഗതം നിരോധിച്ച് ചാമരാജ്നഗർ ജില്ലാ കലക്ടർ ഉത്തരവിട്ടത്. 2010ൽ കർണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. ഇതിനെതിരായിട്ടാണ്  കേരളം സുപ്രീംകോടതിയിൽ സ്പെഷൽ ലീപ് പെറ്റീഷൽ ഫയൽ ചെയ്തത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top