17 August Friday

കാര്‍ബണ്‍ സന്തുലിത വയനാടിനായി അണിനിരക്കുക: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Dec 31, 2017

കല്‍പ്പറ്റ > 'കാര്‍ബണ്‍ സന്തുലിത വയനാട്' എന്ന ലക്ഷ്യം കൈവരിക്കാന്‍ ജില്ലയിലെ മുഴുവനാളുകളും പരിശ്രമിക്കണമെന്ന് സിപിഐ എം  ജില്ലാ സമ്മേളനം അഭ്യര്‍ഥിച്ചു. കര്‍ണാടക-തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാടിന്റെ ആകെയുള്ള 2131 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 38 ശതമാനം വനവും 30 ശതമാനം കാപ്പിതോട്ടവുമാണ്. നഷ്ടപ്പെട്ട കാലാവസ്ഥയും മണ്ണിന്റെ ജൈവാംശവും തിരിച്ചുപിടിക്കാതെ കാര്‍ഷികമേഖല അകപ്പെട്ട പ്രതിസന്ധിയില്‍ നിന്ന് കരകയറാനാവില്ല. 
ജില്ലയുടെ കാലാവസ്ഥ അനുദിനം താളംതെറ്റുകയാണ്. വയനാടിന് മാത്രം അവകാശപ്പെട്ടിരുന്ന അനുകൂല കാലാവസ്ഥാ ഘടകങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി രൂക്ഷമായ വരള്‍ച്ചയും നേരിടുന്നു. മണ്ണിന്റെ  ജൈവാംശം വന്‍തോതില്‍ നഷ്ടപ്പെടുന്നു. ജൈവാംശത്തിന്റെ  അളവ് കുറയുക എന്നാല്‍ ജലം സംഭരിക്കാനുള്ള മണ്ണിന്റെ ശേഷി നഷ്ടപ്പെടുക എന്നതാണ്. ആവര്‍ത്തിക്കുന്ന വിളമാറ്റവും അമിതരാസവള, കീടനാശിനി പ്രയോഗവും  ജൈവാംശത്തിന്റെ  സൂക്ഷ്മ മൂലകങ്ങളെയും നഷ്ടപ്പെടുത്തുന്നു. വനനശീകരണം, അനിയന്ത്രിത ഖനനം, നെല്‍വയല്‍ നാശവുമായപ്പോള്‍ കാലാവസ്ഥാ പൂര്‍ണമായും അട്ടിമറിക്കപ്പെട്ടു.
ആഗോളതാപനത്തിന്റെ ഭാഗമായി കാര്‍ബണിന്റെ അളവ്  കൂടുകയാണ്. ഇതോടൊപ്പം കാലാവസ്ഥാ വ്യതിയാനവും.  ഇവ രണ്ടും പരിഹരിക്കപ്പെടണം. പുറത്തു വിടുന്ന കാര്‍ബണിന്റെ അളവ് സാധ്യമായ തരത്തില്‍ കുറയ്ക്കുകയും കാര്‍ബണ്‍ ആഗിരണം ചെയ്യുന്നതിന് മതിയായ തോതില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കലുമാണ് കാര്‍ബണ്‍ സന്തുലിതത്തിന്റെ മുഖ്യപ്രവര്‍ത്തനം.
ബ്രഹ്മഗിരി, കുടുംബശ്രി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇവയുടെയെല്ലാം നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളുമായി കണ്ണിചേര്‍ക്കണം. ഇതിന് കഴിയുംവിധമുള്ള വികസന പദ്ധതികള്‍ നടപ്പാക്കണം. പരിസ്ഥിതി സൌഹാര്‍ദവും കാര്‍ബണ്‍ തുലിതവുമായ വയനാടിനായി മുഴവന്‍ ബഹുജനങ്ങളും അണിനിരക്കണം. കാര്‍ബണ്‍ സന്തുലിത പദ്ധതിക്ക് തുടക്കം കുറിച്ച മീനങ്ങാടി പഞ്ചായത്തിനേയും ജനങ്ങളെയും സമ്മേളനം അഭിവാദ്യം ചെയ്തു.
 

പ്രധാന വാർത്തകൾ
Top