20 September Thursday

ശുചീകരണ യജ്ഞത്തിൽ 30000 കുടുംബശ്രീ അംഗങ്ങളും

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018

 കൽപ്പറ്റ

പ്രളയത്തിൽ മുങ്ങിയ വയനാടിനെ ശുചീകരിക്കുന്നതിന് 30000 കുടുംബശ്രീ അംഗങ്ങളും പങ്കാളികളാകും. ഒരു വാർഡിൽ നിന്ന് ചുരുങ്ങിയത് 60 കുടുംബശ്രീ അംഗങ്ങളെങ്കിലും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 26 സിഡിഎസുകളിലായി 9250 അയൽകൂട്ടങ്ങളാണ് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. ഓരോ അൽകൂട്ടത്തിൽ നിന്നും  കുറഞ്ഞത് 5 അംഗങ്ങൾ ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കും. അതത് വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകാനാണ് ഇവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.  ശുചീകരണത്തിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്നതും ഇവരുടെ നേതൃത്വത്തിലായിരിക്കും.
 പ്രളയദുരന്തം നേരിട്ട് ഏറ്റുവാങ്ങേണ്ടിവന്നവരിൽ  സിഡിഎസ് ചെയർപേഴ്സൺമാരടക്കം നിരവധി കുടുംബശ്രീ അംഗങ്ങളുണ്ടായിരുന്നു.  എന്നാൽ നഷ്ടങ്ങളിൽ നിരാശരാകാതെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിറങ്ങാനാണ് പലരും തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമൊരുക്കുന്നതിനും വസ്ത്രങ്ങളടക്കമുള്ള സാധനങ്ങൾ വിതരണം ചെയ്യുന്നതിനും ഇവർ മുൻപന്തിയിലുണ്ടായിരുന്നു. ജില്ലയിൽ ഇതിനകം 5569 വീടുകളും 289 റോഡുകളും കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മയിൽ ശുചീകരിച്ചു. 
 
പ്രധാന വാർത്തകൾ
Top